
എം.പിമാരുടെ സസ്പെൻഷൻ; സൻസദ് ടി.വി ഷോയിൽനിന്ന് വിട്ടുനിന്ന് ശശി തരൂർ, രാജിവെച്ച് പ്രിയങ്ക ചതുർവേദി
text_fieldsന്യൂഡൽഹി: രാജ്യസഭയിലെ പ്രതിപക്ഷ എം.പിമാരുടെ സസ്പെൻഷൻ നടപടിക്കുപിന്നാലെ സൻസദ് ടി.വി പരിപാടിയിൽനിന്ന് വിട്ടുനിന്ന് കോൺഗ്രസ് എം.പി ശശി തരൂർ. പാർലമെന്‍റിൽനിന്ന് സസ്പെൻഡ് ചെയ്ത 12 എം.പിമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് തരൂരിന്‍റെ നടപടി. സൻസദ് ടി.വിയിൽ ടോക്ക് ഷോയുടെ അവതാരകനാണ് തരൂർ.
നേരത്തേ ശിവസേന എം.പി പ്രിയങ്ക ചതുർവേദി രാജിവെച്ചിരുന്നു. സൻസദ് ടി.വിയുടെ അവതാരകയാണ് പ്രിയങ്ക. ചാനലിൽനിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ച പ്രിയങ്ക രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറുകയും ചെയ്തു.
സൻസദ് ടി.വിയുടെ മേരി കഹാനി എന്ന പരിപാടിയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. വളരെ വേദനയോടെയാണ് താൻ അവതാരക സ്ഥാനം ഒഴിയുന്നതെന്ന് അവർ അറിയിച്ചു. ഒരു ഷോയ്ക്കായി സൻസദ് ടി.വിയിൽ ഇടംപിടിക്കാൻ താൻ തയാറല്ലെന്നും അവർ കൂട്ടിച്ചേർത്തു.
പാർലമെന്റിലെ വർഷകാല സമ്മേളനത്തിനിടെ പ്രിയങ്ക ചതുർവേദി ഉൾപ്പെടെ 12 എം.പിമാരെ സസ്പെൻഡ് ചെയ്തിരുന്നു. സമ്മേളനത്തിനിടെ പ്രതിഷേധിച്ച എം.പിമാർക്കാണ് സസ്പെൻഷൻ.
ആറു കോൺഗ്രസ് എം.പിമാർക്കും തൃണമൂൽ കോൺഗ്രസ് -ശിവസേന പാർട്ടികളിലെ രണ്ടുപേർക്കും സി.പി.എം, സി.പി.ഐ പാർട്ടികളിലെ ഓരോരുത്തർക്കുമാണ് സസ്പെൻഷൻ.
ലോക്സഭയിലെയും രാജ്യസഭയിലെയും പൊതു കാര്യ പരിപാടികളുടെ തത്സമയ സംപ്രേക്ഷണം ലക്ഷ്യമാക്കി അവതരിപ്പിച്ചതാണ് സൻസദ് ടി.വി. നാലുഭാഷകളിലാണ് സംപ്രേക്ഷണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.