പൊട്ടിക്കരഞ്ഞ് ഹാഥറസ് പെൺകുട്ടിയുടെ മാതാവ്; കൂടെയുണ്ടെന്ന് ആശ്വസിപ്പിച്ച് പ്രിയങ്ക
text_fieldsലഖ്നോ: ക്രൂരമായി പിച്ചിച്ചീന്തി കൊല്ലപ്പെട്ട മകളെ അവസാനമായി ഒരുനോക്ക് കാണാനാവാത്ത മാതാവിന്‍റെ വേദന ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടിൽ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും എത്തിയപ്പോൾ ആ അമ്മക്ക് മുന്നിൽ ആശ്വാസവാക്കുകൾ മതിയായില്ല. ആശ്വസിപ്പിക്കാനെത്തിയ പ്രിയങ്കയെ കെട്ടിപ്പിടിച്ച് അവർ തന്‍റെ വേദനകൾ പറഞ്ഞു.
അവരുടെ വേദനയും ദു:ഖവും തനിക്ക് മനസിലാക്കാൻ കഴിയുമെന്ന് പ്രിയങ്ക പിന്നീട് പറഞ്ഞു. തനിച്ചാണെന്ന് കരുതരുത്. അവരുടെ വേദന തന്‍റേതു കൂടിയാണ്. താൻ എപ്പോഴും കൂടെയുണ്ടാകുമെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും അവർക്ക് വാക്കു നൽകിയതായും പ്രിയങ്ക പറഞ്ഞു.
കനത്ത സുരക്ഷാവലയത്തിലാണ് പ്രിയങ്കയും രാഹുലും പെൺകുട്ടിയുടെ വീട്ടിലേക്കെത്തിയത്. കോൺഗ്രസ് നേതാക്കളായ അധീർ രഞ്ജൻ ചൗധരി, കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരും കൂടെയുണ്ടായിരുന്നു. വീടിനകത്തേക്ക് കയറി കുടുംബാംഗങ്ങളുമായി കോൺഗ്രസ് നേതാക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട കോൺഗ്രസ് നേതാക്കളെ ഡൽഹി-യു.പി അതിർത്തിയിൽ പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ അഞ്ചുപേർക്ക് ഹഥറസിലേക്ക് പോകാൻ അനുമതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.