‘നിങ്ങളെപ്പോലെ അധികാരമോഹിയായ ഏകാധിപതിക്ക് മുന്നിൽ ഒരിക്കലും തലകുനിക്കില്ല’; രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രിയങ്ക
text_fieldsരാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായി പ്രിയങ്ക ഗാന്ധി. ആഗ്രഹിക്കുന്ന എന്തും ചെയ്യാൻ മോദിയെ വെല്ലുവിളിച്ച പ്രിയങ്ക, ഞങ്ങളുടെ കുടുംബം ഭീരുക്കൾക്കും ഏകാധിപതികൾക്കും മുന്നിൽ തലകുനിക്കില്ലെന്നും പറഞ്ഞു.
ട്വിറ്ററിലായിരുന്നു പ്രിയങ്കയുടെ വിമർശനം. ‘ഞങ്ങളുടെ സിരകളിൽ ഒഴുകുന്ന രക്തത്തിന് ഒരു പ്രത്യേകതയുണ്ട്... നിങ്ങളെപ്പോലെ അധികാരമോഹിയും ഭീരുവുമായ ഒരു ഏകാധിപതിക്ക് മുന്നിൽ ഒരിക്കലും തലകുനിച്ചിട്ടില്ല, ഒരിക്കലും തലകുനിക്കുകയുമില്ല. നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം ചെയ്യുക’ -പ്രിയങ്ക ട്വീറ്റ് ചെയ്തു.
രാജ്യത്തെ ജനങ്ങളെക്കാൾ വലുതായി ഗൗതം അദാനിയെയാണോ പ്രധാനമന്ത്രി കണക്കാക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. അദാനി നടത്തിയ കൊള്ളയെക്കുറിച്ച് രാഹുൽ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ പ്രധാനമന്ത്രി ഞെട്ടിയെന്നും അവർ കൂട്ടിച്ചേർത്തു. ‘ഒരു യഥാർഥ രാജ്യസ്‌നേഹിയെപ്പോലെ രാഹുൽ അദാനിയുടെ കൊള്ളയെ ചോദ്യം ചെയ്യുകയും നീരവ് മോദിക്കും മെഹുൽ ചോക്‌സിക്കുമെതിരെ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. നിങ്ങളുടെ സുഹൃത്ത് ഗൗതം അദാനി രാജ്യത്തെ പാർലമെന്റിനെക്കാളും ഇന്ത്യയിലെ മഹാന്മാരേക്കാളും വലുതായി മാറിയോ, അവന്റെ കൊള്ളയെ ചോദ്യം ചെയ്തപ്പോൾ നിങ്ങൾ ശരിക്കും ഞെട്ടി?’ -പ്രിയങ്ക കുറിച്ചു.
കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ച പ്രധാനമന്ത്രിയെ അയോഗ്യനാക്കുകയോ അദ്ദേഹം ജയിൽ ശിക്ഷ അനുഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു. തന്റെ സഹോദരൻ സത്യം പറഞ്ഞാണ് ജീവിക്കുന്നതെന്നും അത് തുടരുമെന്നും സൂറത്ത് കോടതി വിധിക്കു പിന്നാലെ പ്രിയങ്ക പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.