രാഷ്ട്രീയത്തിന്‍റെ പരുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യൻ; അദ്ദേഹത്തിന്‍റെ സത്യസന്ധത എപ്പോഴും പ്രചോദനമായിരിക്കും -പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അദ്ദേഹത്തിന്‍റെ സത്യസന്ധത എപ്പോഴും ഞങ്ങൾക്ക് പ്രചോദനമായിരിക്കുമെന്ന് പ്രിയങ്ക സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. രാഷ്ട്രീയത്തിന്‍റെ പരുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു മൻമോഹൻ സിങ്ങെന്നും പ്രിയങ്ക കുറിച്ചു.
"അദ്ദേഹത്തിന്‍റെ സത്യസന്ധത എപ്പോഴും ഞങ്ങൾക്ക് പ്രചോദനമായിരിക്കും, എതിരാളികളുടെ അന്യായമായ വ്യക്തിപരമായ ആക്രമണങ്ങൾക്ക് വിധേയമായിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന ഒരാളെന്ന നിലയിൽ ഈ രാജ്യത്തെ യഥാർഥമായി സ്നേഹിക്കുന്നവർക്കിടയിൽ അദ്ദേഹം എന്നേക്കും തലയുയർത്തി നിൽക്കും. അദ്ദേഹം യഥാർഥത്തിൽ സമത്വവാദിയും, ജ്ഞാനിയും, അവസാനം വരെ ധീരനുമായിരുന്നു. രാഷ്ട്രീയത്തിന്‍റെ പരുക്കൻ ലോകത്ത് അതുല്യമായ മാന്യനും സൗമ്യനുമായ മനുഷ്യൻ"- പ്രിയങ്ക പറയുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി എട്ടോടെ ഡോ. മൻമോഹൻ സിങ്ങിനെ എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. 92 വയസ്സായിരുന്നു. 9.51ഓടെയായിരുന്നു അന്ത്യം.
ഇന്ത്യ വിഭജനത്തിനു മുൻപ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന് ഗുർമുഖ് സിങ്ങിന്‍റേയും അമൃത് കൗറിന്‍റേയും മകനായി ജനനം. ഇന്ത്യാ വിഭജനത്തിനുശേഷം കുടുംബം അമൃത്സറിലേക്ക് കുടിയേറി. അമൃത്സറിലാണ് മൻമോഹൻ വളർന്നത്. പഞ്ചാബ് സർവകലാശാലയിൽ നിന്നും ഉന്നത മാർക്കോടെ എം.എ പാസ്സായി. ശേഷം കേംബ്രിഡ്ജ് സർവകലാശാലയിലും ഓക്സ്ഫഡ് സർവകലാശാലയിലുമായി പഠനം.
റിസർവ് ബാങ്ക് ഗവർണർ എന്ന നിലയിലും അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) അംഗമെന്ന നിലയിലും ശ്രദ്ധനേടി. ശേഷം, മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്‍റെ നിർബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലെത്തിയത്. 1991ൽ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ ധനമന്ത്രിയായി.
2004 മേയ് 22 ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലെത്തി. സിഖ് മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയുമായിരുന്നു അദ്ദേഹം. 2009-ലെ പൊതു തെരഞ്ഞെടുപ്പിൽ യു.പി.എ. വീണ്ടും അധികാരത്തിലെത്തിയപ്പോൾ മന്മോഹൻ സിങ് വീണ്ടും പ്രധാനമന്ത്രിയായി. 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.2010 ൽ ടൈം മാസിക ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു.ഗുർശരൺ കൗർ ആണ് ഭാര്യ. ഉപീന്ദർ സിങ്, ദാമൻ സിങ്, അമൃത് സിങ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.