78 വയസായി അവർക്ക്, രാഷ്ട്രപതിയെ അപമാനിച്ചിട്ടില്ല; അമ്മയുടെ വാക്കുകൾ വളച്ചൊടിച്ചു -സോണിയ ഗാന്ധിക്ക് പിന്തുണയുമായി പ്രിയങ്ക
text_fieldsന്യൂഡൽഹി: പാർലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സുദീർഘമായ പ്രസംഗം നടത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സോണിയ ഗാന്ധി അപമാനിച്ചുവെന്ന വിവാദത്തിൽ പ്രതികരിച്ച് മകളും ലോക്സഭ എം.പിയുമായ പ്രിയങ്ക ഗാന്ധി.
തന്റെ അമ്മക്ക് 78 വയസായെന്നും രാഷ്ട്രപതിയെ അപമാനിക്കുന്ന രീതിയിലല്ല അവർ സംസാരിച്ചതെന്നും വാക്കുകൾ വളച്ചൊടിച്ചതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നീണ്ട പ്രസംഗം വായിച്ച് ക്ഷീണിതയായി എന്ന് പറഞ്ഞത് മറ്റൊരു അർഥത്തിലല്ല. രാഷ്ട്രപതിയെ അമ്മ ബഹുമാനിച്ചിട്ടേയുള്ളൂവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
സോണിയയുടെത് അന്തസ്സിനെ മുറിവേൽപ്പിക്കുന്ന വാക്കുകളാണെന്ന് രാഷ്ട്രപതിഭവൻ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഈ വാക്കുകൾ അംഗീകരിക്കാനാവില്ലെന്നും പാർലമെന്റ് അഭിസംബോധനക്കിടെ രാഷ്ട്രപതി ക്ഷീണിച്ചിട്ടില്ലെന്നും രാഷ്ട്രപതി ഭവൻ വ്യക്തമാക്കുകയുണ്ടായി.
സമൂഹത്തിന് വേണ്ടി സംസാരിക്കുമ്പോൾ ക്ഷീണം തോന്നേണ്ട കാര്യമില്ല. മോശം പ്രതികരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര ബജറ്റിനോട് അനുബന്ധിച്ച് പാർലമെന്റിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി നടത്തിയ സുദീർഘ പ്രസംഗത്തെ കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പ്രതികരണമാണ് വിവാദത്തിന് വഴിവെച്ചത്.
പ്രസിഡന്റ് വായിച്ചു ക്ഷീണിച്ചെന്നാണ് സോണിയ മാധ്യമങ്ങളോട് പ്രതികരിച്ചത്. സോണിയയെ വിമർശിച്ച് ബി.ജെ.പി രംഗത്തുവന്നു. ഒരു ആദിവാസി വനിതയെ ഉൾക്കൊള്ളാൻ കോൺഗ്രസിന്റെ ഫ്യൂഡൽ മനസിന് സാധിക്കുന്നില്ലെന്നും ആദിവാസി വനിത പ്രസിഡന്റാകുമെന്ന് അവർ ചിന്തിച്ചിട്ടു പോലുമുണ്ടാകില്ലെന്നും ബി.ജെ.പി വിമർശിച്ചു. സോണിയ പരാമർശത്തിൽ രാഷ്ട്രപതിയോടും ആദിവാസി സമൂഹത്തോടും മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.