പ്രിയങ്കക്ക് കാവിയുടെ പ്രാധാന്യം അറിയില്ല -ദിനേശ് ശർമ
text_fieldsലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ പ്രിയങ്ക ഗാന്ധിയുടെ കാവി പരാമർശത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമയാണ് പ്രിയങ്ക ഗാന്ധിക്കെതിരെ രംഗത്തുവന്നത്. പ്രിയങ്ക ഹിന്ദുത്വത്തെ അപമാനിച്ചുവെന്നും കാവിയുടെ പ്രാധാന്യം പ്രിയങ്കക്ക് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാവിയാണ് രാജ്യത്ത് അശാന്തി സൃഷ്ടിക്കുന്നതിനുള്ള പ്രവണത സൃഷ്ടിക്കുന്നതെന്ന് വരുത്തിത്തീർക്കാനാണ് കോൺഗ്രസിന്‍റെയും മറ്റു പാർട്ടികളുടെയും ശ്രമം. കോൺഗ്രസും എസ്.പിയും ബി.എസ്.പിയും ട്വന്‍റി 20 കളിക്കുകയാണ്. വോട്ടു ബാങ്കിനായി പരസ്പരം മത്സരിക്കുന്നു. ഇത്തരം പ്രസ്താവനയിലൂടെ പ്രിയങ്ക ഹിന്ദുത്വത്തെ നിന്ദിച്ചു -ദിനേശ് ശർമ പറഞ്ഞു. യു.പി. പൊലീസിനെ പ്രിയങ്ക കുറ്റപ്പെടുത്തിയതിനെയും ദിനേശ് ശർമ വിമർശിച്ചു.
ഹിംസാത്മക പ്രവൃത്തികൾ ചെയ്യുന്ന യോഗിക്ക് സന്ന്യാസി വേഷം ചേരില്ലെന്നും ആദിത്യനാഥ് കാവി വസ്ത്രം ധരിച്ചാൽ പോരാ, ധർമ്മം പാലിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞിരുന്നു. ഉത്തർപ്രദേശ് സർക്കാറും സംസ്ഥാന പൊലീസും നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തിയതെന്നും ഇത് അരാജകത്വത്തിലേക്കാണ് നയിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.