Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘യുവാക്കളെ യുദ്ധ...

‘യുവാക്കളെ യുദ്ധ മേഖലയിലേക്ക് വലിച്ചെറിയുന്നതിൽ നാണമില്ലേ’; യോഗിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി

text_fields
bookmark_border
‘യുവാക്കളെ യുദ്ധ മേഖലയിലേക്ക് വലിച്ചെറിയുന്നതിൽ നാണമില്ലേ’; യോഗിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി
cancel

ലഖ്നോ: ഫലസ്തീനെ പിന്തുണക്കുന്ന ബാഗ് ധരിച്ച് പാർലമെന്‍റിലെത്തിയ തന്നെ പരിഹസിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. യുവാക്കളെ തൊഴിലിനായി യുദ്ധ ഭൂമിയിലേക്ക് വലിച്ചെറിയുന്നത് നേട്ടമല്ലെന്നും നാണക്കേടാണെന്നും പ്രിയങ്ക പറഞ്ഞു.

യു.പി യുവാക്കളെ ഇസ്രായേലിലേക്ക് ജോലിക്ക് അയക്കുമ്പോൾ, കോൺഗ്രസ് ബാഗുമായി നടക്കുകയാണെന്നായിരുന്നു യോഗിയുടെ പരിഹാസം. യു.പി നിയമസഭയിലാണ് യോഗിയുടെ പരാമർശം. ഫലസ്തീൻ ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തൻ ആലേഖനം ചെയ്ത, ഫലസ്താൻ എന്ന് ഇംഗ്ലീഷിയിൽ എഴുതിയ ബാഗുമായാണ് പ്രിയങ്ക തിങ്കളാഴ്ച പാർലമെന്‍റിലെത്തിയത്. ഈ ബാഗും ധരിച്ച് പാർലമെന്‍റിൽ നിൽക്കുന്ന പ്രിയങ്കയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

‘സംസ്ഥാനത്തെ തൊഴിലില്ലായ്മയെ കുറിച്ച് യു.പി സർക്കാർ ബോധവാന്മാരല്ല, ആ യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും വേദന അവർ മനസ്സിലാക്കുന്നില്ല’ -പ്രിയങ്ക എക്സിൽ കുറിച്ചു. ഇസ്രായേലിലേക്ക് ജോലിക്കു പോകുന്ന യുവാക്കൾ ജീവൻ രക്ഷിക്കാനായി ബങ്കറുകളിൽ കഴിയുന്നതും കമ്പനികൾ അവരെ ചൂഷണം ചെയ്യുന്നതും പ്രിയങ്ക ചൂണ്ടിക്കാട്ടി. ‘യുവാക്കളുടെ കുടുംബങ്ങൾ ഭയത്തോടെയാണ് കഴിയുന്നത്. നിങ്ങളെ കൊണ്ട് കഴിയാത്തതിനാൽ ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കൾ തൊഴിലിനായി ജീവൻ വരെ പണയപ്പെടുത്താൻ നിർബന്ധിതരാകുന്നു. നമ്മുടെ യുവാക്കളെ തൊഴിലിനായി യുദ്ധ മേഖലയിലേക്ക് വലിച്ചെറിയുന്നത് നേട്ടമല്ല, മറിച്ച് ലജ്ജാകരമാണ്’ -പ്രിയങ്ക വ്യക്തമാക്കി.

‘ഫലസ്തീൻ എന്നെഴുതിയ ഒരു ബാഗുമായി പാർലമെന്‍റിൽ കറങ്ങിനടക്കുകയാണ് ഒരു കോൺഗ്രസ് നേതാവ്, നമ്മൾ യു.പിയിലെ യുവാക്കളെ ഇസ്രായേലിലേക്ക് ജോലിക്ക് അയക്കുന്നു. നിർമാണ മേഖലയിൽ തൊഴിലെടുക്കാനായി യു.പിയിൽനിന്ന് ഇതുവരെ 5,600 യുവാക്കളാണ് ഇസ്രായേലിലേക്ക് പോയത്. മാസം ഒന്നര ലക്ഷം ശമ്പളത്തിനു പുറമെ, സൗജന്യ താമസവും ഭക്ഷണവും പൂർണ സുരക്ഷയും യുവാക്കൾക്ക് ലഭിക്കുന്നുണ്ട്’ -എന്നായിരുന്നു യോഗി നിയമസഭയിൽ പറഞ്ഞത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഫലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസറുമായി പ്രിയങ്കാ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ച സമയത്ത് നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണ് പ്രിയങ്ക ലോക്‌സഭയിലേക്ക് കൊണ്ടുവന്നത്. ചൊവ്വാഴ്ച ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് പിന്തുണയറിയിക്കുന്ന ബാഗുമായാണ് പ്രിയങ്ക പാർലമെന്റിലെത്തിയത്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം നിൽക്കുമെന്ന് എഴുതിയ ബാഗുമായാണ് വന്നത്.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ പ്രതിപക്ഷ എം.പിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ശൂന്യവേളയിൽ ബംഗ്ലാദേശ് വിഷയം പ്രിയങ്ക ഉന്നയിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ബംഗ്ലാദേശ് സർക്കാറുമായി ഇക്കാര്യം ചർച്ച ചെയ്യണം. അവിടെ വേദന അനുഭവിക്കുന്നവർക്ക് പിന്തുണ നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiYogi AdityanathPalestine bag
News Summary - Priyanka Gandhi on Yogi Adityanath's jibe at her Palestine bag
Next Story