സൈന്യത്തെ ബി.ജെ.പിയുടെ പരീക്ഷണ ശാലയാക്കുകയാണോ? 'അഗ്നിപഥി'നെ ചോദ്യംചെയ്ത് പ്രിയങ്ക
text_fieldsന്യൂഡൽഹി: കരാറടിസ്ഥാനത്തിൽ യുവാക്കളെ സൈന്യത്തിൽ നിയമിക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ പദ്ധതിയായ 'അഗ്നിപഥി'നെ ചോദ്യംചെയ്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സായുധസേനയിലേക്കുള്ള നിയമനത്തെ ബി.ജെ.പി എന്തിനാണ് തങ്ങൾക്കായുള്ള പരീക്ഷണശാലയാക്കി മാറ്റുന്നതെന്ന് പ്രിയങ്ക ചോദിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ അഗ്നിപഥ് പദ്ധതിക്ക് ചൊവ്വാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു. പതിനേഴര വയസ്സായ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്ന പദ്ധതിയാണിത്.
'സായുധസേനയിലേക്കുള്ള റിക്രൂട്ട്മെന്‍റിനെ ബി.ജെ.പി സർക്കാർ എന്തിനാണ് അവരുടെ പരീക്ഷണശാലയാക്കിമാറ്റുന്നത്. സൈനികർ വർഷങ്ങളായി രാജ്യത്തെ സേവിക്കുകയാണ്. ഇതൊരു ഭാരമായാണോ സർക്കാർ കാണുന്നത്?' -പ്രിയങ്ക ഗാന്ധി ട്വീറ്റിൽ ചോദിച്ചു.
അഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രിയങ്കയുടെ വിമർശനം. 'നാലുവർഷത്തേക്കുള്ള ഈ നിയമനം തട്ടിപ്പാണെന്നാണ് യുവാക്കൾ ചൂണ്ടിക്കാട്ടുന്നത്. മുതിർന്നവരും പദ്ധതിയെ തള്ളിക്കളഞ്ഞിരിക്കുന്നു' -പ്രിയങ്ക കൂട്ടിച്ചേർത്തു. സായുധസേനയിലെ നിയമനം പോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ ഗൗരവമായ ഒരു ചർച്ചയോ കൂടിയാലോചനയോ പോലും നടന്നിട്ടില്ല. എന്തിനാണ് ഇങ്ങനെയൊരു ശാഠ്യം?' -പ്രിയങ്ക ചോദിച്ചു. ബിഹാർ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ യുവാക്കൾ പദ്ധതിക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്.
അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ഇക്കൊല്ലം 46,000 പേരെ റിക്രൂട്ട് ചെയ്യാനാണ് ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. അഗ്നിവീരന്മാർ എന്നാണ് ഇത്തരത്തിൽ തിരഞ്ഞെടുക്കുന്നവരെ വിശേഷിപ്പിക്കുക. പെൺകുട്ടികൾക്കും പദ്ധതിയിൽ ചേരാം. അഗ്നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നാലു വർഷത്തിനു ശേഷം പിരിയുമ്പോൾ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാമെന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
സൈന്യത്തിന്റെ പ്രഫഷനലിസം നശിപ്പിക്കുന്ന നിയമനമാണ് ഇതെന്ന് മുൻ സൈനിക ഉദ്യോഗസ്ഥരും പ്രതിരോധ വിദഗ്ധരും ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, സൈന്യത്തെ കൂടുതൽ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമെന്നും അത് സൈന്യത്തിന് കൂടുതൽ യുവത്വം നൽകുമെന്നുമാണ് സർക്കാറുമായി ബന്ധപ്പെട്ടവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.