പ്രിയപ്പെട്ടവരുടെ മരണത്തിന് പോലും തകർക്കാൻ കഴിയാത്ത വിധത്തിൽ ഇന്ദിര ഗാന്ധിയും പിതാവ് രാജീവ് ഗാന്ധിയും മനസിൽ രാജ്യസ്നേഹം വളർത്തിയെടുത്തിരുന്നു - പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: രണ്ട് മുൻ പ്രധാനമന്ത്രിമാരുടെ മരണത്തിന് പോലും തകർക്കാൻ കഴിയാത്ത രീതിയിൽ മുത്തശ്ശി ഇന്ദിര ഗാന്ധിയും പിതാവ് രാജീവ്ഗാന്ധിയും തന്‍റെ മനസിൽ രാജ്യസ്നേഹം വളർത്തിയെടുത്തിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രിയങ്കയുടെ പരാമർശം. തന്‍റെ പാർട്ടി നടത്തുന്നത് കുടുംബവാഴ്ചയാണെന്ന ബി.ജെ.പിയുടെ പരാമർശത്തെയും പ്രിയങ്ക വിമർശിച്ചു.
അത് കുടുംബവാഴ്ചയല്ല. രാജ്യസ്നേഹമാണ്. ജനങ്ങളോടുള്ള വിശ്വാസമാണെന്നും പ്രിയങ്ക പറഞ്ഞു. തന്‍റെ മുത്തശ്ശിയായ ഇന്ദിര ഗാന്ധിയെ സുരക്ഷ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയത് ദാരുണമായായിരുന്നു. പിതാവും സമാന രീതിയിൽ കൊല്ലപ്പെട്ടു. എന്നിട്ടും തനിക്കും കുടുംബത്തിനും ഒരു നിമിഷം പോലും രാജ്യത്തോട് വിദ്വേഷം തോന്നിയിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
"എന്‍റെ മുത്തശ്ശിയായ ഇന്ദിര ഗാന്ധി ഒരു മഹത് വ്യക്തിത്വം കൂടിയായിരുന്നു. അവരെ 1984ൽ സുരക്ഷ ഉദ്യോഗസ്ഥർ അതിദാരുണമായി കൊലപ്പെടുത്തി. എങ്ങനെയാണ് അത്തരമൊരു വ്യക്തിത്വത്തെ ക്രൂരമായി ആർക്കെങ്കിലും കൊലപ്പെടുത്താനാവുക? ഇത്രയൊക്കെ സംഭവിച്ചിട്ടും നഷ്ടപ്പെടാതിരിക്കാൻ എത്ര തീവ്രമായായിരിക്കും അവർ ഞങ്ങളുടെയുള്ളിൽ രാജ്യസ്നേഹം വളർത്തിയെടുത്തിട്ടുണ്ടാവുക എന്ന് ഞാൻ ചിന്തിക്കാറുണ്ട്. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടിട്ടും ഒരു നിമിഷം പോലും രാജ്യത്തോടുള്ള സ്നേഹത്തിൽ ഞങ്ങൾക്ക് കുറവ് തോന്നിയിട്ടില്ല.
എനിക്ക് പത്തൊൻപത് വയസുള്ളപ്പോൾ 1991 ൽ തമിഴ്നാട്ടിൽ വെച്ച് എന്‍റെ പിതാവിനും സമാന അനുഭവമുണ്ടായി. എന്നിട്ടും ഞങ്ങളുടെ ഉള്ളിൽ രാജ്യസ്നേഹം യാതൊരു കോട്ടവും സംഭവിക്കാതെ നിലനിന്നു. ഇന്ന് ഈ വിഷയം ഇവിടെ പറയാനുള്ള കാരണം, എപ്പോഴൊക്കെ ഞങ്ങൾ നെഹ്റുവിനെക്കുറിച്ചും ഇന്ദിരയെ കുറിച്ചും, രാജീവിനെ കുറിച്ചും സംസാരിക്കുന്നുവോ അപ്പോഴെല്ലാം അവർ കുടുംബവാഴ്ചയെന്നാരോപിച്ച് വിവാദമുണ്ടാക്കും. കോൺഗ്രസ് നടത്തുന്നത് കുടുംബ വാഴ്ചയല്ല. രാജ്യസ്നേഹമാണ്. ജനങ്ങളോടുള്ളവിശ്വാസമാണ്. കർഷകരോടുള്ള വിശ്വാസമാണ്. എത്രയൊക്കെ വിവാദമുണ്ടാക്കാൻ ശ്രമിച്ചാലും ഈ രാജ്യസ്നേഹത്തിൽ നിന്ന് ഞങ്ങൾ പിന്മാറില്ല" പ്രിയങ്ക പറഞ്ഞു.
ജാഗരൂകരായിരുന്നാൽ ആർക്കും തങ്ങളുടെ ഭാവി നശിപ്പിക്കാനാകില്ലെന്നും ജനം മനസിലാക്കണമെന്നും പ്രിയങ്ക വേദിയിലെത്തിയവരോട് പറഞ്ഞു. ലക്ഷ്യത്തെ മാത്രം ശ്രദ്ധിക്കുന്ന മഹാഭാരതത്തിലെ അർജുന്നനെ പോലെയായിരിക്കണം ജനങ്ങളെന്നും അവർ കൂട്ടിച്ചേർത്തു. നവംബർ 17ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് ബിലാസ്പൂരിലെ ആറ് സീറ്റുകളിലേക്കുള്ള മത്സരം നടക്കുക. നവംബർ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്.
ഇന്ദിര ഗാന്ധിയുടെ 39-ാം രക്ത സാക്ഷിത്വ ദിനത്തിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തിയിരുന്നു. സമാധിസ്ഥലമായ ശക്തിസ്ഥലിൽ എത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി എന്നിവരും പുഷ്പാർച്ചന നടത്തിയിരുന്നു. 'എന്റെ മുത്തശ്ശി, എന്റെ ശക്തി! നിങ്ങൾ ജീവൻ നൽകിയ ഇന്ത്യയെ ഞാൻ എപ്പോഴും സംരക്ഷിക്കും. നിങ്ങളുടെ ഓർമ്മ എപ്പോഴും എന്‍റെ ഹൃദയത്തിലുണ്ട്' എന്നായിരുന്നു ഓർമദിനത്തിൽ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്‍റെയും കമല നെഹ്‌റുവിന്‍റെയും മകളായ ഇന്ദിര ഗാന്ധി, രാജ്യത്തിന്‍റെ ആദ്യ വനിത പ്രധാനമന്ത്രിയാണ്. 1966 ജനുവരി മുതൽ 1977 മാർച്ച് വരെയും 1980 ജനുവരി മുതൽ 1984 ഒക്ടോബർ 31ന് വധിക്കപ്പെടുന്നതുവരെ പദവിയിൽ തുടർന്നു.അമൃത്സറിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ കയറിയ തീവ്രവാദികളെ അമർച്ച ചെയ്യാൻ നടത്തിയ ബ്ല്യൂ സ്റ്റാർ ഓപറേഷന് പിന്നാലെയാണ് തന്‍റെ സിഖ് അംഗരക്ഷകരായ സത് വന്ത് സിങ്, ബിയാന്ത് സിങ് എന്നിവരുടെ വെടിയേറ്റ് ഇന്ദിര ഗാന്ധി കൊല്ലപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.