മോദിയുടെ വാക്ക് ചൈനീസ് ഉത്പന്നം പോലെ, വിപണിയിൽ നിന്ന് പുറത്തിറങ്ങിയാൽ ഗ്യാരന്‍റിയും കാണില്ല വാറന്‍റിയും കാണില്ല - പ്രിയങ്ക ഗാന്ധി
text_fieldsറായ്പൂർ: ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വിപണിയിൽ നിന്ന് പുറത്തിറങ്ങിയാൽ യാതൊരു ഗ്യാരന്‍റിയുമില്ലാത്ത ചൈനീസ് ഉത്പന്നങ്ങൾ പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരാമർശം.
"പ്രധാനമന്ത്രിയുടെ വാക്കുകൾ ചൈനീസ് ഉത്പന്നം പോലെയാണ്. വിപണിയിൽ നിന്ന് പുറത്തിറങ്ങിയാൽ പിന്നെ അതിനൊന്നും ഗ്യാരന്‍റിയും കാണില്ല വാറന്‍റിയും കാണില്ല" - പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്രസർക്കാർ ജീവനക്കാർ പഴയ പെൻഷൻ പദ്ധതി ആവശ്യപ്പെട്ടപ്പോൾ പണം അപര്യാപ്തമാണെന്ന് സർക്കാർ പറഞ്ഞെങ്കിലും കോടിക്കണക്കിന് രൂപയുടെ വിമാനങ്ങൾ വാങ്ങാനും കോർപ്പറേറ്റ് നികുതിയിൽ ഇളവ് നൽകാനും പണം എവിടെ നിന്നാണ് വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഭരണകാലത്ത് സാധാരണക്കാർക്ക് പാചകവാതക സിലിണ്ടർ 425 രൂപക്കും റേഷൻ 60 രൂപക്കും ലഭിച്ചിരുന്നു, ഇപ്പോൾ ആളുകൾക്ക് അത്തരം നിരക്കിൽ അവ ലഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. 1125 രൂപയിൽ കൂടുതൽ വില കൊടുത്ത് സിലിണ്ടർ വാങ്ങാൻ സാധാരണക്കാർ നിർബന്ധിതരാവുകയാണ്. സാധാരണക്കാരുടെ ആവശ്യങ്ങളെ മോദി സർക്കാർ അവഗണിക്കുകയാണ്. സാധാരണക്കാർ നികുതി അടക്കുന്നു, അത് മോദി സർക്കാർ തങ്ങളുടെ വ്യവസായ സുഹൃത്തുക്കളുടെ ആഡംബര ജീവിതത്തിനായി ചെലവഴിക്കുന്നു. പണ്ട് തെരഞ്ഞെടുപ്പ് കാലത്ത് മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ അക്കൗണ്ടിൽ വരുന്നതും കാത്തിരിക്കുകയാണ് ജനങ്ങൾ ഇപ്പോഴും, എന്നാൽ മോദി ഇതിനോട് മൗനം പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
ഭൂപേഷ് ഭാഖേൽ സർക്കാരിനേയും പ്രിയങ്ക പരാമർശിച്ചു. മോദി സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ സാധാരണക്കാരന്‍റെ ജീവിതത്തെ മെച്ചപ്പെടുത്താൻ ഭാഖേൽ സർക്കാർ നടത്തുന്ന പ്രയത്നങ്ങൾ പ്രശംസനീയമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ ആവർത്തിച്ചാൽ ബിഹാറിലേത് പോലെ ജാതി സെൻസസ് നടപ്പിലാക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.