ചോദ്യങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന അഹങ്കാരികളായ ഭരണകൂടത്തിനെതിരെയാണ് രാഹുൽ ഗാന്ധിയുടെ പോരാട്ടം - പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: താൻ ചോദിക്കുന്ന ചോദ്യങ്ങളെ അടിച്ചമർത്താൻ എല്ലാ തന്ത്രങ്ങളും സ്വീകരിക്കുന്ന അഹങ്കാരികളായ ഭരണകൂടത്തിനെതിരെയാണ് രാഹുൽ ഗാന്ധിയുടെ പോരാട്ടമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിക്ക് എതിരായ ഗുജറാത്ത് ഹൈകോടതി വിധിക്ക് പിന്നാലെയാണ് പ്രിയങ്കയുടെ പരാമർശം. സത്യത്തിനും ജനങ്ങളുടെ താൽപ്പര്യത്തിനും വേണ്ടിയാണ് രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
രാംധാരി സിങ് ദിനകറിന്‍റെ യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല എന്ന കവിതയോടൊപ്പമായിരുന്നു പ്രിയങ്കയുടെ കുറിപ്പ്. ജനതാത്പര്യവുമായി ബന്ധപ്പെട്ടതും, രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കരുത് എന്നാണ് അഹങ്കാരികളായ ഭരണകൂടങ്ങൾ പറയുന്നത്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചോ, കർഷകരെ കുറിച്ചോ, തൊഴിലാളികളെ കുറിച്ചോ സംസാരിക്കരുത് എന്നും സത്യത്തിന് മേൽ അധികാരത്തിന്‍റെ അഹന്ത നിലനിൽക്കില്ലെന്നും കവിതയിലുണ്ട്. പൊതുജനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ രാഹുൽ ഗാന്ധി ഇനിയും ചോദിക്കും. അതിന് എന്ത് വില കൊടുക്കാനും അദ്ദേഹം തയ്യാറാണ്. അദ്ദേഹം സാധാരണക്കാരന്‍റെ വേദനയിൽ പങ്കുചേരുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
മോദി പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം. അതേസമയം വിധിയെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണം. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമേറ്റ പ്രഹരമാണ് വിധിയെന്ന് ബി.ജെ.പി നേതാവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു. ഇപ്പോഴാണ് സത്യമേവ ജയതേ എന്ന വാക്യം അർത്ഥവത്തായത് എന്നായിരുന്നു പരാതിക്കാരനായ പൂർണേഷ് മോധി പറഞ്ഞ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.