ഫലസ്തീനെ പിന്തുണക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി പാർലമെന്‍റിൽ
text_fieldsന്യൂഡൽഹി: ഫലസ്തീന് ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി. ഫലസ്തീൻ ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തൻ ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക പാർലമെന്‍റിലെത്തിയത്.
ബാഗിൽ ഫലസ്തീൻ എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. ഈ ബാഗും ധരിച്ച് പാർലമെന്‍റിൽ നിൽക്കുന്ന പ്രിയങ്കയുടെ ചിത്രം കോൺഗ്രസ് വക്താവ് ഷമ മുഹമ്മദാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഫലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസറുമായി പ്രിയങ്കാ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഫലസ്തീനിയൻ പോരാട്ടങ്ങൾക്ക് പ്രിയങ്കാ ഗാന്ധി പിന്തുണ അറിയിച്ചു. ഫലസ്തീനുമായുള്ള ആത്മബന്ധവും പ്രിയങ്ക കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. ഈ കൂടിക്കാഴ്ച സമയത്ത് നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണ് പ്രിയങ്ക ലോക്‌സഭയിലേക്ക് കൊണ്ടുവന്നത് എന്നാണ് വിവരം. ‘പ്രത്യേക ബാഗ് ധരിച്ച് പ്രിയങ്ക ഗാന്ധി ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. മനുഷ്യത്വത്തിന്‍റെ പ്രകാശനം, മാനവികതയുടെയും നീതിയുടെയും പ്രതിബദ്ധത! ജനീവ കൺവെൻഷൻ ലംഘിക്കാൻ ആർക്കും കഴിയില്ലെന്ന അവരുടെ നിലപാട് വ്യക്തമാണ്’ -എന്ന കുറിപ്പിനൊപ്പമാണ് ഷമ ചിത്രം പങ്കുവെച്ചത്.
പോസ്റ്റിനു താഴെ പ്രിയങ്കയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് പോസ്റ്റിട്ടിരിക്കുന്നത്. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് ഫലസ്തീന്‍ നേതാവ് യാസർ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കുട്ടിക്കാലത്ത് അദ്ദേഹത്തെ പലതവണ കണ്ടിരുന്നതിന്‍റെ ഓർമയും ആബിദ് എൽറാസെഗുമായുള്ള കൂടിക്കാഴ്ചയിൽ പങ്കുവെച്ചിരുന്നു.
ഇസ്രയേലിന്‍റെ അധിനിവേശത്തില്‍ ഫലസ്തീനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള പ്രതീകമായാണ് തണ്ണിമത്തനെ ലോകം നോക്കിക്കാണുന്നത്. തണ്ണിമത്തന്റെ നിറങ്ങളായ ചുവപ്പ്, വെളുപ്പ്, പച്ച, കറുപ്പ് എന്നിവയാണ് ഫലസ്തീന്‍ പതാകയിലെ നിറങ്ങൾ. ഫലസ്തീനികൾ പതിറ്റാണ്ടുകളായി ഇത് സ്വത്വത്തിന്‍റെയും ചെറുത്തുനിൽപ്പിൻ്റെയും പ്രതീകമായി ഉപയോഗിച്ചുവരുന്നു. 1967ല്‍ വെസ്റ്റ് ബാങ്കിന്റെയും ഗസ്സയുടെയും കിഴക്കന്‍ ജെറുസലേമിന്റെയും നിയന്ത്രണം ഇസ്രായേല്‍ പിടിച്ചെടുത്തത് മുതലാണ് ഈ ആശയം ഉയര്‍ന്നുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.