മരിച്ച കർഷകർക്ക് അന്ത്യോപചാരം അർപ്പിക്കാൻ പ്രിയങ്ക ഇന്ന് വീണ്ടും ലഖിംപുരിലേക്ക്; രാഷ്ട്രീയക്കാർ വേണ്ടെന്ന് കിസാൻ മോർച്ച
text_fieldsലക്നോ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വീണ്ടും ഇന്ന് ഉത്തർപ്രദേശിലെ ലഖിംപുർ സന്ദർശിക്കും. കർഷക പ്രക്ഷോഭത്തിനിടെ കാർ കയറ്റിക്കൊന്ന കർഷകർക്ക് അന്തിമോപചാരം അർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് പ്രിയങ്ക ലഖിംപുരിലെത്തുന്നത്.
കർഷകർക്ക് അന്തിമോപചാരം അർപ്പിക്കുന്ന ചടങ്ങിന്‍റെയും പ്രിയങ്കയുടെ സന്ദർശനത്തിന്‍റെയും പശ്ചാത്തലത്തിൽ വലിയ സുരക്ഷയാണ് ലഖിംപുരിൽ ഒരുക്കിയിരിക്കുന്നത്. ലക്നോ-സിതാപുർ-ലഖിംപുർ ദേശീയപാതയിൽ ബാരിക്കേഡ് വെച്ച് തടഞ്ഞ് വാഹനങ്ങളെയെല്ലാം പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
അതേസമയം, രാഹുൽ ഗാന്ധി ഗോ ബാക്ക്, പ്രിയങ്ക ഗാന്ധി ഗോ ബാക്ക് എന്നീ ബാനറുകലും ദേശയപാതയിലുടനീളം കാണാം. കോൺഗ്രസിനെ നിശിതമായ ഭാഷയിൽ വിമർശിക്കുന്ന പോസ്റ്ററുകളിൽ കപടമായ സഹതാപം ഞങ്ങൾക്ക് ആവശ്യമില്ലെന്നും എഴുതിയിട്ടുണ്ട്.
അതേസമയം, കർഷകർക്ക് അന്തിമോപചാരം അർപ്പിക്കുന്ന ചടങ്ങുകൾക്കുള്ള എല്ലാ ഒരുക്കങ്ങളും ലഖിംപുരിൽ പൂർത്തിയായി. കർഷകർ കൊല്ലപ്പെട്ട ലഖിംപുർ ഖേരിയിലെ തിക്കോണിയ ഗ്രാമത്തിലെ വയലിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ള കർഷക പ്രതിനിധികളും കർഷകരും ചടങ്ങിൽ പങ്കെടുക്കും. ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് തിങ്കളാഴ്ച രാത്രി തന്നെ ലഖിംപുർ ഖേരിയിൽ എത്തിയിട്ടുണ്ട്.
രാഷ്ട്രീയ നേതാക്കളെ ചടങ്ങിൽ പങ്കെടുപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ ജില്ലാവൈസ് പ്രസിഡന്‍റ് ബൾക്കർ സിങ് വ്യക്തമാക്കി. " സംയുക്ത കിസാൻ മോർച്ച നേതാക്കളൊഴിച്ച് ഒരു രാഷ്ട്രീയ പാർട്ടിയുടേയും നേതാക്കളെ വേദി പങ്കിടാൻ അനുവദിക്കില്ല." അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി ലഖിംപുരിലെത്തിയ പ്രിയങ്ക ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും ലഖിംപുരിലെത്തുന്നത്. ഒരാഴ്ച മുൻപ് ലഖിംപുരിലെത്തിയ പൊലീസ് പ്രിയങ്കയെ തടഞ്ഞതുമായി ബന്ധപ്പെട്ട് നാടകീയമായ രംഗങ്ങൾ അരങ്ങേറിയിരുന്നു. ഒരു ദിവസം പൊലീസ് കസ്റ്റഡിയിലുമായിരുന്നു പ്രിയങ്ക. തന്നെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്ന പ്രിയങ്കയുടെ ദൃശ്യങ്ങളും പൊലീസ് ഗസ്റ്റ് ഹൗസ് ചൂലുകൊണ്ട് വൃത്തിയാക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കർഷക പ്രക്ഷോഭത്തിനെ അനുകൂലിച്ചുകൊണ്ട് മുദ്രാവാക്യം മുഴക്കിയ കർഷകർക്കിടയിലേക്ക് എസ്.യു.വി ഓടിച്ചു കയറ്റിയ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പൊലീസ് കസ്റ്റഡിയിലാണ്. ഒക്ടോബർ മൂന്നിന് നടന്ന സംഭവത്തിൽ നാല് കർഷകരടക്കം എട്ട് പേർ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.