അഅ്സം ഖാന്റെ മണ്ണിൽ പ്രിയങ്കയുടെ പടയോട്ടം
text_fieldsപുസ്തക മോഷണംതൊട്ട് എരുമ മോഷണംവരെ യോഗി സർക്കാർ ചുമത്തിയ 87 കേസുകളിൽ 83ലും ജാമ്യം ലഭിച്ചിട്ടും പ്രചാരണത്തിന് ജയിലിൽനിന്ന് ഇറങ്ങാൻ കഴിയാത്ത സമാജ് വാദി പാർട്ടി നേതാവ് അഅ്സം ഖാന്റ വിജയത്തിൽ റാംപുർ നിവാസികൾക്ക് സംശയമൊന്നുമില്ല. പതിറ്റാണ്ടുകളോളം റാംപുർ രാഷ്ട്രീയം അടക്കിവാണ ഖാന്റെ ബദ്ധവൈരികളായ നവാബ് കുടുംബത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി ഖാസിം അലി ഖാൻ പഠിച്ചതെല്ലാം പയറ്റിയിട്ടും അവസാന ജയം അഅ്സം ഖാനുതന്നെയായിരിക്കും എന്നാണ് മണ്ഡലത്തിലെ വോട്ടർമാർ പറയുന്നത്.
വോട്ടുനാളിൽ ജയിലിൽ കിടന്നാലും ജനങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുക്കും എന്ന് റാംപുരിലെ ദർസ് ഗാഹിലിരുന്ന് സെക്രട്ടറി അബ്ദുസ്സലാം പറഞ്ഞു. റാംപുർ ജില്ലയിലെ അഞ്ച് സീറ്റുകളിൽ സമാജ് വാദി പാർട്ടി ജയമുറപ്പിക്കുന്ന മൂന്നിൽ ഒന്ന് അഅ്സം ഖാൻ മത്സരിക്കുന്ന റാംപുരും മറ്റൊന്ന് മകൻ അബ്ദുല്ല മത്സരിക്കുന്ന സുവറും ആണ്. ഹിന്ദുത്വ തീവ്രവാദ നേതാക്കളുടെ മുസ്ലിം വകഭേദമായി ദേശീയ മാധ്യമങ്ങൾ പലപ്പോഴും ഉയർത്തിക്കാണിക്കാറുള്ള ഖാന് വോട്ടുചെയ്യുന്നവരിൽ ഹിന്ദു വോട്ടർമാരുമുണ്ടെന്ന് പറയുന്നു റാംപുരിലെ പത്രപ്രവർത്തകനായ ഹാതിം ഫഹദ്.
അഅ്സം ഖാനെയും മകനെയും റാംപുരിൽനിന്ന് കെട്ടുകെട്ടിക്കാൻ യു.പിയിൽ കോൺഗ്രസിന്റെ ക്രൗഡ് പുള്ളറായ പ്രിയങ്ക ഗാന്ധിയാണ് വ്യാഴാഴ്ച പടയോട്ടത്തിനിറങ്ങിയത്. നവാബ് ഖാസിമിന്റെ രക്ഷിതാക്കൾ ഏഴുതവണ കുത്തകയാക്കിെവച്ചിരുന്ന റാംപുർ ലോക്സഭ സീറ്റും 2019ൽ പിടിച്ചെടുത്ത അഅ്സം ഖാൻ സ്വന്തം നിയമസഭ മണ്ഡലത്തിൽനിന്ന് ഭാര്യയെ പകരം എം.എൽ.എ ആക്കി. സുവർ മണ്ഡലത്തിൽ നവാബ് ഖാസിമിനെ 2017ൽ അഅ്സം ഖാന്റെ മകൻ അബ്ദുല്ല പരാജയപ്പെടുത്തിയിരുന്നു. ആ മണ്ഡലത്തിലേക്ക് സ്വന്തം മകൻ നവാബ് ഹൈദർ അലിഖാനെ വിട്ടതോടെ റാംപുരിലും സുവറിലും പരമ്പരാഗത വൈരികളായ പിതാക്കളുടെയും മക്കളുടെയും പോരായി മാറി.
1996ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നവാബ് ഖാസിമിന്റെ മാതാവ് നൂർ ബാനു ബീഗത്തെ കണ്ട് ആശീർവാദം വാങ്ങിയാണ് പ്രിയങ്ക റാംപുരിൽ പടയോട്ടത്തിനിറങ്ങിയത്. ഗൃഹസമ്പർക്ക പരിപാടിയും റോഡ് ഷോയും നടത്തിയ പ്രിയങ്ക ചെറുകിട കച്ചവടക്കാരോടും തെരുവു കച്ചവടക്കാരോടും കൂടെയിരുന്ന് കുശലം പറഞ്ഞും റാംപുരിന്റെ മനസ്സ് കീഴടക്കാൻ പരമാവധി ശ്രമിച്ചു. നവാബ് ഖാസിമിന് ഒരിക്കലും ജയിക്കാൻ കഴിയാത്ത മണ്ഡലത്തിൽ പ്രിയങ്കയെ ഇറക്കിയും അദ്ദേഹം പിളർത്തുന്ന മുസ്ലിം വോട്ടുകളിലൂടെ ജയിച്ചുകയറാമെന്ന പ്രതീക്ഷയിൽ ബി.ജെ.പി നിർത്തിയത് അഅ്സം ഖാനെതിരെ നിരന്തരം നിയമയുദ്ധം നടത്തുന്ന ആകാശ് സക്സേനയെയാണ്.
പ്രിയങ്ക പ്രചാരണത്തിനിറങ്ങിയ ബിലാസ്പുരിലും ചംരൂആയിലും എസ്.പി സ്ഥാനാർഥികൾ ബി.ജെ.പിയിൽനിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്. അഅ്സം ഖാൻ ജയിലിലായ നേരത്ത് അദ്ദേഹത്തിന്റെ തട്ടകത്തിൽ പ്രിയങ്ക നടത്തുന്ന പടയോട്ടത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത് ബി.ജെ.പിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.