പ്രിയങ്ക ഗാന്ധി ഡിസംബർ 10 മുതൽ ഗോവയിൽ തെരഞ്ഞെടുപ്പ് പര്യടനത്തിൽ
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബർ 10 മുതൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗോവയിൽ പര്യടനം ആരംഭിക്കും. വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്ക യുവജനങ്ങളുമായും വനിതകളുമായും സംവദിക്കും.
തെക്കൻ ഗോവയിലെ ക്യൂപം നിയോജക മണ്ഡലത്തിലെ മോർപിർല ഗ്രാമത്തിലാണ് പ്രിയങ്ക വനിതകളുമായി സംവദിക്കുകയെന്ന് പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ചന്ദ്രകാന്ത് കവ് ലേക്കറിന്‍റെ മണ്ഡലമാണ് ക്യൂപം.
തുടർന്ന് അസോൽന ഗ്രാമത്തിലെ സ്വാതന്ത്ര സമരസേനാനി റാം മനോഹർ ലോഹ്യയുടെ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കും. തുടർന്ന് മർഗോവയിലെ എം.സി.സി ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ യുവജനങ്ങളുമായി സംവദിക്കും.
അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധിയുടെ ഗോവ സന്ദർശനം. യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാമുഖ്യം നൽകുന്ന സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചൊദൻകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
70 മുതൽ 80 ശതമാനം വരെ സ്ഥാനാർഥികൾ യുവാക്കളും പുതുമുഖങ്ങളും ആയിരിക്കും. മണ്ഡലങ്ങളിലെ ബ്ലോക്ക് കമ്മിറ്റികൾ നിർദേശിക്കുന്ന സ്ഥാനാർഥികൾക്ക് കൂടുതൽ പരിഗണന നൽകുമെന്നും ഗിരീഷ് ചൊദൻകർ വ്യക്തമാക്കിയിരുന്നു.
2017ലെ തെരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാൽ, 13 സീറ്റുകളിൽ ചുരുങ്ങിയ ബി.ജെ.പി പ്രാദേശിക പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കുകയായിരുന്നു.
ഗോവ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് എം.എൽ.എയുമായ രവി സീതാറാം നായിക് ഏതാനും ദിവസം മുമ്പ് ബി.ജെ.പിയിൽ ചേർന്നിരുന്നു. രണ്ടാം തവണയാണ് നായിക് ബി.ജെ.പിയിൽ ചേരുന്നത്. 2000 ഒക്ടോബറിൽ മനോഹർ പരീക്കർ വിവിധ പാർട്ടികളിൽ നിന്നുള്ള എം.എൽ.എമാരുമായി സർക്കാർ രൂപീകരിച്ചപ്പോൾ നായിക് ബി.ജെ.പിയിൽ ചേർന്നു.
പരീക്കർ സർക്കാറിൽ ഉപമുഖ്യമന്ത്രിയായിരുന്നു നായിക്. 2002ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.