യുവ മാധ്യമപ്രവർത്തകന്‍റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി; ‘കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണം’
text_fieldsന്യൂഡൽഹി: ആദിവാസി മേഖലയിലെ അഴിമതി റിപ്പോർട്ട് ചെയ്ത യുവ മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രക്കറിന്‍റെ കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പി. മാധ്യമപ്രവർത്തകന്‍ കൊല്ലപ്പെട്ട വാർത്ത ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു.
തന്‍റെ റിപ്പോർട്ടിലൂടെ അഴിമതി പുറത്തു കൊണ്ടുവന്നതിന് പിന്നാലെയാണ് മുകേഷിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് വിവരം. ഈ കേസിൽ ശക്തമായ നടപടി ഛത്തീസ്ഗഢ് സർക്കാർ സ്വീകരിക്കണം. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണം. മുകേഷ് ചന്ദ്രക്കറിന്‍റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും ജോലിയും പരിഗണിക്കണമെന്നും സർക്കാറിനോട് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
യുവ മാധ്യമ പ്രവർത്തകന്‍റെ കൊലപാതകത്തിൽ രൂക്ഷ പ്രതികരണവുമായി എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു. മുകേഷ് ചന്ദ്രക്കറിന്റെ കൊലപാതകത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഏറെ ആശങ്ക ഉയർത്തുന്നുവെന്നും കേസ് അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് വ്യക്തമാക്കി.
ഭയമില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കുന്ന സ്വതന്ത്ര മാധ്യമം ജനാധിപത്യത്തിൽ പ്രധാനമാണ്. പത്രപ്രവർത്തകരുടെ സുരക്ഷ, പ്രത്യേകിച്ച് ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ജോലി ചെയ്യുന്നവരുടെ സുരക്ഷ പരമപ്രധാനമാണ്. കൂടാതെ രാജ്യത്തുടനീളമുള്ള അധികാരികൾ അവരിൽ ആർക്കും പ്രഫഷണൽ ചുമതലകൾക്ക് ദോഷമോ തടസമോ ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ഛത്തീസ്ഗഢിലെ ബസ്തറിലെ ഒരു സ്വകാര്യ കരാറുകാരന്‍റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിലാണ് 28കാരനായ മാധ്യമപ്രവർത്തകന്‍റെ മൃതദേഹം കണ്ടെടുത്തത്. ടെലിവിഷൻ ചാനലുകളിൽ ആദിവാസി മേഖലയിൽ നിന്നടക്കം നിരവധി വാർത്ത നൽകിക്കൊണ്ട് പ്രവർത്തിച്ചു വരുന്നതിനിടെയാണ് സ്വതന്ത്ര മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത്.
ജനുവരി ഒന്നിന് രാത്രി മുതൽ കാണാതായ മുകേഷ്, അടുത്തിടെ ഒരു സ്വകാര്യ കരാറുകാരനെതിരെ നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിൽ ബസ്തറിലെ 120 കോടി രൂപയുടെ റോഡ് നിർമാണ പദ്ധതിയിലെ ക്രമക്കേട് തുറന്നു കാട്ടിയിരുന്നു. ഈ വെളിപ്പെടുത്തൽ കരാറുകാരന്റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ അധികൃതർ ഉത്തരവിട്ടു.
കരാറുകാരന്റെ സ്ഥലത്ത് സംഘടിപ്പിച്ച ഒരു കൂടിക്കാഴ്ചക്ക് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആയി സഹോദരനെ കാണാതായതായി മുകേഷിന്‍റെ ജ്യേഷ്ഠൻ യുകേഷ് ചന്ദ്രാകർ പരാതി നൽകി. പൊലീസ് ജനുവരി മൂന്നിന് സുരേഷ് എന്നയാളുടെ വീട്ടുവളപ്പിലെ വാട്ടർ ടാങ്കിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കേസിൽ കരാറുകാരനായ സുരേഷ് ചന്ദ്രക്കറിന്റെ സഹോദരങ്ങളായ ദിനേശ് ചന്ദ്രകർ, റിതേഷ് ചന്ദ്രകർ എന്നിവരുൾപ്പെടെ മൂന്നു പേരാണ് അറസ്റ്റിലായത്. കരാറുകാരൻ ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.