അമേത്തിയിൽ കൈ പിടിച്ച് പ്രിയങ്ക
text_fieldsഅമേത്തി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് അമേത്തിയിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ തോൽപിച്ച സ്മൃതി ഇത്തവണ നേരത്തേ പ്രചാരണം തുടങ്ങിയിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായി കിഷോരി ലാൽ ശർമയെ പ്രഖ്യാപിച്ചപ്പോൾ ബി.ജെ.പി ക്യാമ്പിന് പരിഹാസമായിരുന്നു ആദ്യം. എന്നാൽ, അമേത്തിയിലെ ബൂത്തുതലം വരെ പരിചയമുള്ള നേതാവാണ് കിഷോരി ലാൽ എന്നത് ഇപ്പോൾ മത്സരം ത്രില്ലറായി മാറ്റിയിരിക്കുകയാണ്.
വർഷങ്ങളായി ഗാന്ധി കുടുംബത്തിലെ സ്ഥാനാർഥികൾ മത്സരിക്കുമ്പോൾ പ്രചാരണത്തിൽ സജീവമായിരുന്നു കിഷോരി ലാൽ. സാധാരണ കോൺഗ്രസ് പ്രവർത്തകൻ എന്ന ഇമേജും കിഷോരി ലാലിനുണ്ട്. നെഹ്റു കുടുംബത്തിലെ പ്യൂൺ എന്നാണ് സ്ഥാനാർഥിയെക്കുറിച്ച് ബി.ജെ.പിയുടെ അഭിപ്രായം അഥവാ അധിക്ഷേപം. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം അമേത്തിയിലെ ‘ഇൻഡ്യ’ സഖ്യക്യാമ്പുകൾക്ക് ആവേശം പകരുകയാണ്.
രാഹുൽ ഗാന്ധി മത്സരിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്നും അസാധാരണമായ നിശ്ശബ്ദതരംഗമുള്ള തെരഞ്ഞെടുപ്പാണിതെന്നും അമേത്തിയിലെ ജെയ്സിലെ വഹാബ്ഗഞ്ച് മാർക്കറ്റിൽ ഒരു തയ്യൽ കടയുടെ ഉടമയായ അഹമ്മദ് മഖ്സൂദ് പറഞ്ഞു. ഏത് സ്ഥാനാർഥിയെ, എന്ത് കാരണത്താലാണ് പിന്തുണക്കുന്നതെന്ന് വോട്ടർമാർ പുറത്തുപറയുന്നില്ല. അമേത്തി ഗാന്ധി കുടുംബത്തിന്റെ കോട്ട തന്നെയാണെന്ന് അഹമ്മദ് മഖ്സൂദ് ചൂണ്ടിക്കാട്ടുന്നു. രാമക്ഷേത്രം വോട്ടാകുമെന്നാണ് അമർനാഥ് ശർമ എന്ന വോട്ടർ പറയുന്നത്. ’500 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് രാമക്ഷേത്രം നിർമിച്ചിരിക്കുന്നത്. സ്ഥാനാർഥി പ്രശ്നമല്ല, വോട്ട് രാമക്ഷേത്രത്തിനും ബി.ജെ.പിക്കുമാണെന്ന് ‘ജയ് ശ്രീറാം’ എംബ്രോയ്ഡറി ചെയ്ത സ്കാർഫ് ധരിച്ച അമർനാഥ് ശർമ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയെ തോൽപിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു സ്മൃതി ഇറാനി അമേത്തിയിലെത്തിയതെന്നും പ്രദേശത്തിന്റെ വികസനത്തിനോ ജനങ്ങൾക്കു വേണ്ടിയോ അല്ല സ്മൃതിയുടെ പ്രവർത്തനമെന്നുമാണ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം. കവല യോഗങ്ങളും വൻ റാലികളുമായി അമേത്തിയിലുടനീളം പ്രിയങ്ക ഓടിയെത്തുന്നുണ്ട്. വോട്ടർമാരുമായുള്ള കുടുംബബന്ധം, മറഞ്ഞിരിക്കുന്ന രാമക്ഷേത്ര വികാരം, മോദി ഘടകം, സൗജന്യ റേഷൻ പദ്ധതി, പാവപ്പെട്ടവർക്ക് വീടുകൾ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ, ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തിയാൽ ഭരണഘടന മാറ്റുമെന്ന ആരോപണം എന്നിങ്ങനെ പ്രിയങ്കക്ക് പറയാൻ ഏറെയുണ്ട്. വോട്ടർമാരുമായി സംവദിച്ചാണ് ചിലയിടങ്ങളിൽ പ്രസംഗം.
മൈക്കില്ലാതെയും കവല യോഗങ്ങളിൽ പ്രിയങ്ക കത്തിക്കയറുന്നുണ്ട്. കഴിഞ്ഞ തവണ വരുത്തിയ തെറ്റ് തിരുത്തണമെന്ന് പ്രിയങ്ക ആഹ്വാനം ചെയ്യുന്നു. അമേത്തിക്ക് പേരുനൽകിയത് ഗാന്ധി കുടുംബമാണെന്നും ഇത്തവണ തെറ്റ് തിരുത്തുമെന്നും തിലോയ് നിയമസഭാ മണ്ഡലത്തിലുള്ള അമിതാഭ് സിങ് പറയുന്നു. മത്സരം വളരെ കടുപ്പമാണെങ്കിലും പ്രിയങ്ക ഗാന്ധിയുടെ ഊർജസ്വലമായ പ്രചാരണം കിഷോരിലാലിന് വിജയം നൽകുമെന്ന് അമിതാഭ് സിങ് പറയുന്നു.
2019ൽ തിലോയ് നിയമസഭ മണ്ഡലത്തിൽ രാഹുൽ ഗാന്ധി പിന്നിലായിരുന്നു.
അലഞ്ഞുതിരിയുന്ന കന്നുകാലികളും ഈ വിഷയത്തോടുള്ള സർക്കാറിന്റെ നിസ്സംഗതയുമാണ് ഇവിടത്തെ പ്രധാന ജനകീയ വിഷയം. ഉൽപന്നങ്ങളിൽ ഭൂരിഭാഗവും അലഞ്ഞുതിരിയുന്ന കന്നുകാലികൾ നശിപ്പിക്കുന്ന അവസ്ഥയാണ്. സമാജ്വാദി പാർട്ടിയുടെ പ്രവർത്തകരും കിഷോരി ലാലിനുവേണ്ടി സജീവമായ പ്രചാരണത്തിലുണ്ട്.
അമേത്തിയിലും റായ്ബറേലിയിലും മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മേയ് 20ന് നടക്കും. തിലോയ്, സലോൺ, ജഗദീഷ് പുർ, ഗൗരിഗഞ്ച്, അമേത്തി എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന അമേത്തിയിൽ 55,000ത്തിലധികം വോട്ടുകൾക്കാണ് സ്മൃതി ഇറാനി കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.