'ഗോ സംരക്ഷണത്തിന് യു.പി ഛത്തീസ്ഗഡിനെ മാതൃകയാക്കണം' -യോഗിക്ക് കത്തയച്ച് പ്രിയങ്ക
text_fieldsന്യൂഡൽഹി: ലളിത്പൂരിലെ സോജ്‌നയിൽ പശുക്കൾ ചത്ത സംഭവത്തിൽ അഴിമതിയും ഒൗദ്യോഗിക കൃത്യവിലോപവും ആരോപിച്ചുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ഗോ സംരക്ഷണത്തിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രിയങ്ക കത്തിൽ ആവശ്യപ്പെട്ടു.
പശുക്കളെ സംരക്ഷിക്കുന്ന കാര്യത്തിൽ യു.പി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ ഛത്തീസ്ഗഡിലെ 'ഗോധൻ ന്യായ് യോജന' മാതൃകയാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പശുക്കളെ സംരക്ഷിക്കാൻ ഗോശാലകൾ സ്ഥാപിക്കുമെന്ന ആദിത്യനാഥിന്‍റെ പ്രഖ്യാപനത്തെ ലളിത്പുരിലെ സോജ്‌നയിൽ ചത്ത പശുക്കളുടെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക വിമർശിച്ചത്.
'വാഗ്ദാനങ്ങളെല്ലാം കടലാസിൽ മാത്രമാണ്. പശുക്കളുടെ മരണകാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും പട്ടിണിയാണെന്ന് ചിത്രങ്ങളിൽ വ്യക്തമാണ്. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാവുന്നില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഗോശാല നടത്തിപ്പുകാരും തമ്മിൽ ബന്ധമുണ്ട്' പ്രിയങ്ക ആരോപിച്ചു.
പശു സംരക്ഷണമെന്നത് കൊണ്ട് നിസഹായരും ദുര്ബലരുമായ എല്ലാ ജിവീകളുടെയും സംരക്ഷണത്തിലാണ് വിശ്വസിച്ചതെന്ന ഗാന്ധിജിയുടെ വാക്ക് യോഗിയെ ഓർമിപ്പിക്കുന്നുണ്ട് പ്രിയങ്ക.
ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന യു.പി സർക്കാറിെൻറ മേൽനോട്ടത്തിൽ നടത്തിവരുന്ന ഗോശാലയിലായിരുന്നു പശുക്കൾക്ക് കൂട്ടമരണം. ലളിത്പുർ ജില്ലയിലെ സോജന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഗോശാലയിലാണ് ഡസനിലേറെ പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. കോൺഗ്രസ് വക്താവ് പൻഖുഡി പഥക്ക് ആണ് പശുക്കളുടെ ജഡം കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളടങ്ങിയ വിഡിയോ പുറത്തുവിട്ടത്.
2017ൽ കാൺപുരിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഗോശാലയിൽ ഒരാഴ്ചക്കിടെ 152 പശുക്കൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. പശുക്കളുടെ സംരക്ഷണത്തിനായി കോടിക്കണക്കിന് രൂപ സംഭാവന ലഭിക്കുന്ന ഇവിടെ പട്ടിണി മൂലമാണ് ഈ മൃഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.