കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട ഗസ്സയിലെ അമ്മമാരുടെ ദുഃഖത്തിനൊപ്പം; ഫലസ്തീൻ നയതന്ത്രപ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി
text_fieldsതെൽഅവീവ്: ഫലസ്തീൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി എം.പി. ഫലസ്തീൻ നയതന്ത്ര പ്രതിനിധി ഡോ. ആബിദ് എൽറാസേസ് അബു ജാസിറുമായാണ് പ്രിയങ്ക സ്വന്തം വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത്. സ്വാതന്ത്ര്യത്തിനായുള്ള ഫലസ്തീൻ ജനതയുടെ പോരാട്ടത്തിന് പ്രിയങ്ക ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ പ്രിയങ്കയെ അഭിനന്ദിക്കാനാണ് ഫലസ്തീൻ അധികൃതർ എത്തിയത്. ഫലസ്‍തീനിൽ നീതിയും സമാധാനവും നടപ്പാക്കുന്നതിൽ ഇന്ത്യയുടെ പ്രതിബദ്ധതയും കൂടിക്കാഴ്ചയിൽ അരക്കിട്ടുറപ്പിച്ചു.
ഫലസ്തീനുമായി തനിക്കുള്ള ദൃഢതയേറിയ ബന്ധത്തെ കുറിച്ചും പ്രിയങ്ക ഗാന്ധി സൂചിപ്പിക്കുകയുണ്ടായി. കുട്ടിക്കാലത്ത് ഫലസ്തീൻ നേതാവായിരുന്ന യാസർ അറഫാത്തിനെ കണ്ട കാര്യവും അവർ അനുസ്മരിച്ചു. അറഫാത്ത് ഇന്ത്യ സന്ദർശിച്ച വേളയിലായിരുന്നു അത്. ഇന്ത്യയും ഫലസ്തീൻ ജനതയും തമ്മിലുള്ള ചരിത്രപരവും സൗഹാർദ പരവുമായ ബന്ധം അംഗീകരിച്ചുകൊണ്ട് ഫലസ്തീനിൽ നീതി നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും പ്രിയങ്ക പറഞ്ഞു. ഗസ്സയിലുടനീളം സ്ത്രീകളും കുട്ടികളും അടക്കമുള്ള ഫലസ്തീൻ പൗരൻമാർക്കു നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച പ്രിയങ്ക മേഖലയുടെ നാശനഷ്ടത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു.
കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഗസ്സയിലെ അമ്മമാരുടെ ദുഃഖത്തിനൊപ്പം നിൽക്കുന്നുവെന്ന് പറഞ്ഞ പ്രിയങ്ക ഗസ്സ കൂട്ടക്കൊലയിൽ അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുന്നതിനെ വിമർശിക്കുകയും ചെയ്തു. ഗസ്സയിലെ വെടിനിർത്തൽ ഉൾപ്പെടെയുള്ള സുപ്രധാന പശ്ചിമേഷ്യൻ വിഷയങ്ങളിൽ ഇന്ത്യക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് ഡോ. ആബിദ് അബു ജാസിൽ വിലയിരുത്തി. കോൺഗ്രസ് അടക്കമുള്ള ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾ ഫലസ്തീന്റെ സ്വയംഭരണാധികാരത്തിന് പരിപൂർണ പിന്തുണ നൽകിയ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.