കെ.ആർ നഗറിൽ ആവേശമായി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ
text_fieldsമൈസൂരുവിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള കെ.ആർ നഗറിലേക്ക് സർക്കാർ ബസിൽ എത്തുമ്പോൾ സമയം വൈകീട്ട് അഞ്ചുമണി. മൈസൂരു ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായുള്ള പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് നേരത്തേതന്നെ ഇവിടെ റോഡരികിൽ തടിച്ചുകൂടിയിരിക്കുന്നത്.
സ്ത്രീകളുടെയും പ്രായമായവരുടെയും വൻകൂട്ടമുണ്ടായിരുന്നു. നേരത്തെ ടി. നരസിപ്പുരയിലെ പ്രചാരണത്തിലും ഹനൂരിലെ വനിത കൺവെൻഷനിലും പങ്കെടുത്തതിന്റെ ക്ഷീണമൊന്നും അശ്ശേഷമില്ലാതെ തൂവെള്ള സൽവാറുമണിഞ്ഞ് നിറഞ്ഞ പുഞ്ചിരിയോടെ 5.30ഓടെ പ്രിയങ്ക തുറന്ന വാഹനത്തിൽ കെ.ആർ നഗറിന്റെ ആവേശത്തിലേക്കെത്തി.
മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഡി. രവിശങ്കറും ഹുൻസൂർ മണ്ഡലം സ്ഥാനാർഥി എച്ച്.പി. മഞ്ജുനാഥും ഒപ്പമുണ്ടായിരുന്നു. റോഡ് ഷോക്കുശേഷം പ്രിയങ്ക മെസൂരുവിലേക്ക് പോയി.
ബി.ജെ.പി ഒരു ശക്തിയേ അല്ലാത്ത, ജനതാദൾ എസും കോൺഗ്രസും തമ്മിൽ നേരിട്ട് പോരാട്ടം നടക്കുന്ന മണ്ഡലമാണ് കെ.ആർ നഗർ.ജെ.ഡി.എസിന്റെ കോട്ടയായ ഇവിടെ സിറ്റിങ് എം.എൽ.എയായ സ.ര മഹേഷാണ് പാർട്ടി സ്ഥാനാർഥി. മൂന്നുതവണ തുടർച്ചയായി എം.എൽ.എയായ ഇദ്ദേഹം നാലാംതവണയാണ് ജനവിധി തേടുന്നത്.
പിതാവ് അധ്യാപകൻ ആയതിനാൽ ‘ടീച്ചറുടെ മകൻ’ എന്നും അറിയപ്പെടുന്ന മഹേഷിനെപ്പറ്റി പറയാൻ ജനങ്ങൾക്ക് നൂറുനാവാണ്. കോവിഡ് സമയത്ത് സൗജന്യ ഭക്ഷണക്കിറ്റുകൾ നൽകിയും സ്വന്തം സ്ഥാപനത്തിൽ ആശുപത്രി സൗകര്യമടക്കം ഒരുക്കിയും തണലേകിയ മഹേഷ് തന്നെ ഇത്തവണയും ജയിക്കുമെന്ന് ജനങ്ങൾ ഉറപ്പിച്ചുപറയുന്നു.
മഹേഷ് നാമനിർദേശപത്രിക സമർപ്പിക്കാൻ നടത്തിയ യാത്രയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. മൂന്നുതവണ മത്സരിച്ചെങ്കിലും തോറ്റ ഡി. രവിശങ്കറിനെ തന്നെയാണ് ഇത്തവണയും കോൺഗ്രസ് രംഗത്തിറക്കിയത്.
നല്ലൊരു പോരാട്ടത്തിനുപോലും മണ്ഡലത്തിൽ ശക്തിയില്ലാത്ത ബി.ജെ.പിക്കായി ഹൊസഹള്ളി വെങ്കടേഷാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ ഇവിടെ ബി.ജെ.പി നേടിയത് 2716 വോട്ടുമാത്രമാണ്. മൈസൂരു മേഖലയിലെ ബി.ജെ.പിയുടെ അശക്തിയുടെ ഉദാഹരണം കൂടിയാണ് ഈ മണ്ഡലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.