പ്രിയങ്ക ഇടപെട്ടു; യു.പിയിൽ കോൺഗ്രസ്-എസ്.പി സഖ്യം യാഥാർഥ്യമാകുന്നു; രാഹുലുമായി പ്രശ്നങ്ങളില്ലെന്ന് അഖിലേഷ്
text_fieldsലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ കോൺഗ്രസുമായി സഖ്യമുണ്ടാകുമെന്നും രാഹുൽ ഗാന്ധിയുമായി പ്രശ്നങ്ങളില്ലെന്നും സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഭാരത് ജോഡോ ന്യായ് യാത്രയിൽനിന്ന് വിട്ടുനിന്നതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു എല്ലാം ശുഭമായി അവസാനിക്കുന്നുവെന്നും സഖ്യമുണ്ടാകുമെന്നും അഖിലേഷ് പ്രതികരിച്ചത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അഖിലേഷുമായി ഫോണിൽ നടത്തിയ ചർച്ചയാണ് ഫലം കണ്ടതെന്നാണ് സൂചന.
രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര അമേത്തിയിലും റായ് ബറേലിയും എത്തിയപ്പോൾ അഖിലേഷ് വിട്ടുനിന്നതോടെ സഖ്യ ചർച്ചകൾ വഴിമുട്ടിയെന്ന പ്രചാരണം ഉണ്ടായിരുന്നു. സീറ്റ് വിഭജനം പൂർത്തിയായ ശേഷമേ ജോഡോ യാത്രയിൽ പങ്കെടുക്കൂവെന്ന് കഴിഞ്ഞയാഴ്ച അഖിലേഷ് വ്യക്തമാക്കിയിരുന്നു.
80 സീറ്റുകളുള്ള ഉത്തർപ്രദേശിൽ കോൺഗ്രസ് 17-19 സീറ്റുകളിൽ മത്സരിക്കുമെന്നാണ് സൂചന. ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കൾ ഒരുമിച്ച് വാർത്ത സമ്മേളനം വിളിച്ച് ധാരണ പ്രഖ്യാപിക്കും. മൊറാദാബാദ് സീറ്റിനായുള്ള തങ്ങളുടെ ആവശ്യം കോൺഗ്രസ് ഉപേക്ഷിച്ച് പകരം സമാജ്‌വാദി പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്ന സീതാപൂർ, ശ്രാവസ്തി, വരാണസി എന്നിവ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചർച്ചകൾ മുന്നോട്ട് നീങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വരാണസി.
പുതിയ ധാരണപ്രകാരം കോൺഗ്രസ് അമേത്തി, റായ്ബറേലി, പ്രയാഗ് രാജ്, വരാണസി, മഹാരാജ് ഗഞ്ച്, ദിയോറിയ, ബാൻസ്ഗാവോൺ, സീതാപൂർ, അംറോഹ, ബുലന്ദ്ഷഹർ, ഗാസിയാബാദ്, കാൺപൂർ, ഝാൻസി, ഫത്തേപൂർ സിക്രി, ഷഹ്റാൻപൂർ, മഥുര സീറ്റുകളിൽ മത്സരിക്കുമെന്നാണ് അറിയുന്നത്. 28 സീറ്റുകളുടെ പട്ടികയാണ് കോൺഗ്രസ് സമർപ്പിച്ചിരുന്നത്. 31 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ എസ്.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സഖ്യനീക്കം യാഥാർഥ്യമായാൽ തുടരെയുള്ള തിരിച്ചടികളിൽ പ്രതിസന്ധിയിലുള്ള ഇൻഡ്യ സഖ്യത്തിന് വലിയ ആശ്വാസമാകും. ബംഗാളിൽ തൃണമൂൽ കോൺഗ്രസും പഞ്ചാബിൽ എ.എ.പിയും തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് സഖ്യത്തിൽ വിള്ളൽ ഉണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.