യു.പിയിൽ സഖ്യമില്ലാതെ മത്സരിക്കാൻ കോൺഗ്രസ്; മുന്നിൽ നിന്ന് നയിക്കാൻ പ്രിയങ്ക
text_fieldsലഖ്നോ: 2022ൽ നടക്കാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യമില്ലാതെ മത്സരിച്ചേക്കും. യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാവും പ്രചാരണമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് തള്ളിയിരുന്നു. ഇതോടെയാണ് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസ് തനിച്ച് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ വന്നത്.
കോൺഗ്രസിൽ ഇതിനുള്ള മുന്നൊരുക്കം തുടങ്ങിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്‍റെ ഭാഗമായി പ്രിയങ്ക ലഖ്നോവിൽ പ്രത്യേക ക്യാമ്പ് തുടങ്ങാനൊരുങ്ങുകയാണ്.
തനിച്ച് മത്സരിക്കാനാണ് നീക്കമെങ്കിൽ കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമാകും തീരുമാനമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മെച്ചമുണ്ടാക്കാനായില്ല. ആറ് സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് എവിടേയും ജയിക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ട് സീറ്റിൽ രണ്ടാമതെത്തി എന്നതു മാത്രമാണ് ആശ്വാസം. ഏഴ് സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി ആറും എസ്.പി ഒന്നും സീറ്റുകൾ നേടിയിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി പ്രചാരണ രംഗത്തിറങ്ങുകയും ചെയ്തിരുന്നില്ല. അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനെത്തുകയും ചെയ്തിരുന്നു.
ഒരു വർഷത്തിനിടെ രണ്ടു തവണയാണ് പ്രിയങ്ക യു.പി സന്ദർശിച്ചത്. ഫെബ്രുവരിയിൽ അസംഗഡിൽ സി.എ.എ പ്രതിഷേധത്തിനിടെ പരിക്കേറ്റവരെ സന്ദർശിക്കാനും ഒക്ടോബറിൽ ഹാഥറസിൽ കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടുകാരെ കാണാനുമായാണ് പ്രിയങ്ക എത്തിയത്.
2017ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.പിയുമായി സഖ്യമുണ്ടാക്കിയാണ് കോൺഗ്രസ് മത്സരിച്ചത്. എന്നാൽ, ഇത്തവണ വലിയ പാർട്ടികളുമായി സഖ്യത്തിനില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കുകയായിരുന്നു. പാർട്ടികളെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും കോൺഗ്രസുമായോ ബി.എസ്.പിയുമായോ സഖ്യമുണ്ടാക്കില്ലെന്നാണ് സൂചന. കോൺഗ്രസുമായുള്ള മുൻ സഖ്യം പാർട്ടിക്ക് ഒരു നേട്ടവും സമ്മാനിച്ചിട്ടില്ലെന്ന് എസ്.പി നേതാവ് ജൂഹി സിങ് പറഞ്ഞു.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിലും പാർട്ടിയുടെ വോട്ട് ശതമാനം വർധിപ്പിക്കാൻ സാധിച്ചുവെന്ന് യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ഇതിലും മികച്ച പ്രകടനമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.