തെരഞ്ഞെടുപ്പിൽ ഭരണാനുകൂല വികാരം -മോദി
text_fieldsന്യൂഡൽഹി: നിർണായകമായ യു.പി തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമല്ല, ഭരണാനുകൂല വികാരമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരേ പാർട്ടിക്ക് ആവർത്തിച്ച് ഭരണം നൽകാത്ത ചരിത്രമാണ് യു.പിയുടേതെങ്കിലും 2014, 2017, 2019 വർഷങ്ങളിലെന്നപോലെ സർക്കാറിന്റെ പ്രവർത്തനം വിലയിരുത്തി ബി.ജെ.പിക്ക് വീണ്ടും ജനം വോട്ടു നൽകുമെന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.
അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണം മുറുകിയതിനിടയിൽ വാർത്ത ചാനലായ എ.എൻ.ഐക്ക് നൽകിയ ഒരു മണിക്കൂർ നീണ്ട അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാറിന് അനുകൂലമായ ജനവികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണം മെച്ചപ്പെട്ടതാണ്.
മുൻ സർക്കാറിന്റെ കാലത്ത് ഗുണ്ടകളുടെ പിടിയിലായിരുന്ന യു.പിയിൽ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പേടിയായിരുന്നു. വിട്ടുവീഴ്ചയില്ലാതെ യോഗി സർക്കാർ അത് നേരിട്ടു. ഇന്ന് സ്ത്രീകൾ സുരക്ഷിതരാണ്. അക്രമസംഭവങ്ങൾ കുറഞ്ഞു. സർക്കാർ സുതാര്യമായി പ്രവർത്തിക്കുന്നു. കുടുംബവാഴ്ചയാണ് ജനാധിപത്യത്തിന് ഏറ്റവും ദോഷം ചെയ്യുന്നത്. പിതാവ് പ്രസിഡന്റ്, പുത്രൻ സെക്രട്ടറി എന്ന മട്ടിൽ യു.പിയിൽ ഒരു കുടുംബത്തിലെ എല്ലാവരുമാണ് പാർട്ടി നടത്തുന്നത്. ജമ്മു-കശ്മീരിൽ രണ്ടു കുടുംബങ്ങൾ. പഞ്ചാബ്, ഹരിയാന, യു.പി, ഝാർഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം കുടുംബ പാർട്ടികളുടെ ആധിപത്യമാണെന്ന് മോദി പറഞ്ഞു.
കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരി സംഭവത്തിൽ സുപ്രീംകോടതി നിർദേശിച്ച പ്രകാരം സംസ്ഥാന സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾ പിൻവലിച്ചത് ജനഹിതം നോക്കിയാണ്. ചെറുകർഷകരുടെ പ്രയാസം സർക്കാറിന് ബോധ്യമുണ്ട്. കർഷകക്ഷേമത്തിന് ഊന്നൽ നൽകുമെന്ന് മോദി കൂട്ടിച്ചേർത്തു പാർലമെന്റിലെ പ്രസംഗത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ചതിനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ, കോൺഗ്രസിന്റെ ദീർഘകാല ഭരണത്തിലൂടെ ഉണ്ടായ പോരായ്മകൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നായിരുന്നു മോദിയുടെ മറുപടി.
മിക്ക പ്രധാനമന്ത്രിമാരും കോൺഗ്രസ് പാരമ്പര്യമുള്ളവരായിരുന്നു. ആരുടെയും ബന്ധുക്കളെയല്ല, മുൻ പ്രധാനമന്ത്രിമാരെയാണ്, കഴിഞ്ഞകാല നയങ്ങളെയാണ് പാർലമെന്റിൽ വിമർശിച്ചത്. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾക്കൊന്നും താൻ പാർലമെന്റിൽ മറുപടി പറഞ്ഞില്ലെന്ന ആരോപണവും അദ്ദേഹം തള്ളി. പാർലമെന്റിൽ ഇരിക്കാതെയും മന്ത്രിമാർ പറയുന്നതു കേൾക്കാതെയും ആരോപണമുന്നയിക്കുന്നവരോട് എന്തു പറയാൻ?
തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പി സർക്കാറിന്റെ പ്രതിയോഗികളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്ന ആരോപണം മോദി നിഷേധിച്ചു. അഴിമതിക്കെതിരെ പ്രവർത്തിച്ചില്ലെങ്കിൽ ജനം വെറുതെ വിടില്ല. തെരഞ്ഞെടുപ്പിന്റെ പേരിൽ അന്വേഷണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ പറ്റില്ല. അവരുടെ പ്രവർത്തനങ്ങളിൽ സർക്കാറിന് റോളില്ലെന്നും മോദി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പു കാലത്തെ പ്രത്യേക അഭിമുഖം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു മണിക്കൂർ നീണ്ട വാർത്ത ചാനൽ അഭിമുഖത്തിന് പിന്നാലെ, വിമർശനവും ഉയരുന്നു. പാർലമെന്റിനു പിന്നാലെ ചാനലുകളും മോദി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ദുരുപയോഗിച്ചുവെന്നാണ് വിമർശനം.
കോവിഡ് സാഹചര്യങ്ങൾക്കിടയിൽ പ്രചാരണ റാലികൾ സംഘടിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. പ്രധാനമന്ത്രിക്ക് മുൻകാലങ്ങളിലെ പോലെ പ്രചാരണത്തിന് പോകാൻ കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് ഒരുമണിക്കൂർ നീണ്ട ദീർഘമായ അഭിമുഖം വാർത്ത ചാനലിന് നൽകിയത്. നിരവധി ടി.വി ചാനലുകൾ അത് തത്സമയം നൽകിയതിലൂടെ ജനങ്ങളോട് പറയാനുള്ളത് പാർലമെന്റിലും അഭിമുഖത്തിലുമായി മോദി ഏകപക്ഷീയവും വിശദവുമായി പറഞ്ഞുവെന്നാണ് വിമർശനം. ഫലത്തിൽ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി മൂന്നു മണിക്കൂറോളമാണ് മോദി 'ലൈവ്' ആയി ചാനലുകളിൽ നിറഞ്ഞത്. പ്രധാനമന്ത്രിയായ ശേഷം ഇതുവരെ ഔദ്യോഗിക വാർത്തസമ്മേളനം നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പുകാലത്ത് പ്രത്യേകമായി അഭിമുഖം അനുവദിച്ചത് എ.എൻ.ഐ വാർത്ത ചാനലിനാണ്.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച ഉപസംഹരിച്ച മോദി ഇരുസഭകളിലും പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിക്കാനാണ് ദീർഘസമയം ഉപയോഗിച്ചതെന്നും, ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണ വേദിയെന്നപോലെ പാർലമെന്റിനെ ദുരുപയോഗപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ കോൺഗ്രസ് പ്രസംഗം കേൾക്കാൻ നിൽക്കാതെ ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.