മതവികാരം വ്രണപ്പെടുത്തുന്നെന്ന്; ആലിയ ഭട്ടിന്‍റെ പരസ്യ ചിത്രത്തിനെതിരെ ഹിന്ദുത്വ അനുകൂല സംഘടനകളുടെ പ്രതിഷേധം
text_fieldsമുംബൈ: ബോളിവുഡ് താരം ആലിയ ഭട്ട് അഭിനയിച്ച പരസ്യ ചിത്രത്തിനെതിരെ ഹിന്ദുത്വ അനുകൂല സംഘടനകളുടെ പ്രതിഷേധം. വിവാഹചടങ്ങായ കന്യാദാനത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നുമാണ് ഹിന്ദുത്വ അനുകൂല സംഘടനകളുടെ ആരോപണം.
വേദാന്ത് ഫാഷൻസിന്‍റെ മാന്യവാർ വസ്ത്ര ബ്രാൻഡിന്‍റെ പരസ്യത്തിനെതിരെയാണ് പ്രതിഷേധം. പരസ്യചിത്രം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ പ്രമുഖ വസ്ത്ര ബ്രാൻഡായ മാന്യവാർ ബ്രാൻഡ് കമ്പനിയുടെ മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ഹിന്ദു ജനജാഗ്രതി സമിതി പ്രവർത്തകർ ഷോറൂമിന് മുമ്പിൽ തടിച്ചുകൂടുകയും പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
കമ്പനിയുടെ പരസ്യചിത്രം ഹിന്ദു വിവാഹചടങ്ങുകളുടെ ഭാഗമായ കന്യാദാനത്തെ തെറ്റായി ചിത്രീകരിച്ചുവെന്നും ഇത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നും സംഘടന വക്താവ് ഡോ. ഉദയ് ധൂരി പറഞ്ഞു. കമ്പനി പരസ്യം പിൻവലിച്ച് മാപ്പ് പറയുന്നതുവരെ വസ്ത്ര ബ്രാൻഡ് ബഹിഷ്കരിക്കണമെന്നാണ് സംഘടനയുടെ ആഹ്വാനം.
'കന്യാദാൻ' സമ്പ്രദായത്തോട് യോജിക്കാത്ത 'കന്യാമാൻ' സമ്പ്രദായമാണ് വേണ്ടതെന്ന് ഉന്നയിക്കുന്ന വധുവിനെയാണ് ആലിയ പരസ്യത്തിൽ അവതരിപ്പിക്കുന്നത്. പരസ്യത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിലടക്കം ലഭിച്ചത്. അതേസമയം, ബോളിവുഡ് താരം കങ്കണ റണാവത്ത് അടക്കം പരസ്യ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.