സർക്കാറുമായി കരാറൊപ്പിട്ട ഉൾഫ വിഭാഗം പിരിച്ചുവിട്ടു
text_fieldsഗുവാഹതി: സർക്കാറുമായി ചർച്ചക്ക് സന്നദ്ധമാവുകയും ത്രികക്ഷി കരാറിൽ കഴിഞ്ഞ ഡിസംബറിൽ ഒപ്പിടുകയും ചെയ്ത ‘ഉൾഫ’ വിഭാഗം പിരിച്ചുവിട്ടു. സംഘടന രൂപവത്കരിച്ച് 44 വർഷത്തിന് ശേഷമാണ് നടപടി. കേന്ദ്ര, സംസ്ഥാന സർക്കാറുകളും ഉൾഫയും തമ്മിലാണ് ഡിസംബറിൽ സമാധാന കരാറിൽ ഒപ്പിട്ടത്.
അക്രമപാതയും ആയുധവും ഉപേക്ഷിക്കൽ, ഒപ്പിട്ട ശേഷം ഒരു മാസത്തിനകം സംഘടന പിരിച്ചുവിടൽ എന്നിവയായിരുന്നു പ്രധാന നിർദേശങ്ങൾ. അസമിലെ ദരംഗ് ജില്ലയിൽ ചേർന്ന യോഗമാണ് പിരിച്ചുവിടാൻ തീരുമാനമെടുത്തതെന്ന് സംഘടന ജനറൽ സെക്രട്ടറി അനൂപ് ചെടിയ പറഞ്ഞു. ‘അസോം ജതിയ ബികാശ് മഞ്ച’ എന്ന പേരിൽ സാമൂഹിക-സാംസ്കാരിക സംഘടന രൂപവത്കരിക്കും.
സായുധ പോരാട്ടത്തിലൂടെ സ്വയംഭരണ അസം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1979 ഏപ്രിൽ ഏഴിന് ‘ഉൾഫ’ രൂപവത്കരിച്ചത്. 2011ൽ സംഘടന പിളർന്നു. ഒരു വിഭാഗം ചർച്ചക്ക് തയാറായി. എന്നാൽ, പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള വിഭാഗം (ഉൾഫ-ഐ) ചർച്ചക്ക് തയാറായിട്ടില്ല. ഇവർ ഇപ്പോഴും പഴയ നിലപാടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.