'ബൈജൂസ് 'സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന
text_fieldsബംഗളൂരു: വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ബൈജൂസിനെ ലക്ഷ്യമിട്ട് ബംഗളൂരുവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്.
ബൈജൂസിന്റെ പാരന്റിങ് കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് ഓഫിസുകളിലും സി.ഇ.ഒ ബൈജു രവീന്ദ്രന്റെ വീട്ടിലുമാണ് ശനിയാഴ്ച റെയ്ഡ് അരങ്ങേറിയത്. വിദേശ ഫണ്ടിങ് ചട്ട (ഫെമ) ലംഘനത്തെ തുടർന്നാണ് പരിശോധനയെന്ന് ഇ.ഡി അറിയിച്ചു. വിവിധ രേഖകളും ഡിജിറ്റൽ ഡേറ്റയും പിടിച്ചെടുത്തു.
2011 മുതൽ 2013 വരെ കമ്പനി 28,000 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) സ്വീകരിക്കുകയും 9754 കോടി വിദേശത്ത് നിക്ഷേപിക്കുകയും ചെയ്തതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. പരാതികൾ ലഭിച്ചതോടെ ചോദ്യം ചെയ്യലിനായി പല തവണ ബൈജുവിന് സമൻസ് അയച്ചെങ്കിലും ഹാജരായില്ല. പരസ്യം, മാർക്കറ്റിങ് എന്നിവയുടെ പേരിൽ 944 കോടി കൈമാറിയതായാണ് രേഖകൾ.
2020-21 സാമ്പത്തിക വർഷം മുതൽ സാമ്പത്തിക റിപ്പോർട്ട് തയാറാക്കിയിട്ടില്ലെന്നും അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും ഇ.ഡി കണ്ടെത്തി. കമ്പനി സമർപ്പിച്ച കണക്കുകൾ വിവിധ ബാങ്കുകളുമായി ബന്ധപ്പെട്ട് പരിശോധിക്കും. അതേസമയം, ഇ.ഡി പരിശോധന പതിവു നടപടിയുടെ ഭാഗമാണെന്നും കമ്പനിയുടെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും ബൈജൂസ് അധികൃതർ പ്രതികരിച്ചു. ഇ.ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയതായും അവർ പറഞ്ഞു. മലയാളികളായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും ചേർന്ന് ബംഗളൂരു കേന്ദ്രമായി ആരംഭിച്ചതാണ് കമ്പനി. 2019-20 സാമ്പത്തിക വർഷത്തിൽ 231.69 കോടിയും 2020-21 സാമ്പത്തിക വർഷത്തിൽ 4588 കോടിയും നഷ്ടം കമ്പനി നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.