തെരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല; കെജ്രിവാൾ മത്സരിക്കുന്നുമില്ല -ജാമ്യം നൽകുന്നതിനെ എതിർത്ത് ഇ.ഡി
text_fieldsന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം നൽകുന്നത് എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായി കെജ്രിവാളിന് ജാമ്യം നൽകുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കെജ്രിവാളിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു.
എന്നാൽ ജാമ്യം നൽകുന്നത് എതിർത്ത് ഇ.ഡി സുപ്രീംകോടതിയിൽ അഫഡവിറ്റ് നൽകിയിരിക്കുകയാണ്. നിയമം എല്ലാവർക്കും തുല്യമാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണം മൗലികമോ ഭരണഘടനാപരമോ നിയമപരമായ അവകാശമോ അല്ലെന്നും ഇ.ഡി വ്യക്തമാക്കി.
മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ നാളിതുവരെ ഒരു രാഷ്ട്രീയ നേതാവിനും ജാമ്യം നൽകിയിട്ടില്ലെന്നും കെജ്രിവാളിന് തന്റെ പാർട്ടി സ്ഥാനാർഥികൾക്കായി പ്രചാരണം നടത്താൻ അനുവദിക്കുന്നത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ഇ.ഡി വാദിച്ചു.
കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും ചൊവ്വാഴ്ച ഹരജി പരിഗണിക്കവെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത് അസാധാരണ സാഹചര്യമാണ്. അദ്ദേഹം ഒരു സ്ഥിരം കുറ്റവാളിയല്ല.-എന്നാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.
123 തെരഞ്ഞെടുപ്പുകളാണ് അഞ്ചുവർഷത്തിനിടെ രാജ്യത്തുണ്ടായത്. അന്നൊന്നും ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഒരു രാഷ്ട്രീയ നേതാവിനും ഇടക്കാല ജാമ്യം നൽകിയിട്ടില്ലെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. ഇങ്ങനെ ജാമ്യം നൽകി തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചാൽ ജയിലിൽ കഴിയുന്ന കർഷകരും ചെറുകിട വ്യാപാരികളും അവരവരുടെ തൊഴിൽ സാഹചര്യം ചൂണ്ടിക്കാട്ടി ജാമ്യത്തിന് ശ്രമിക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ കെജ്രിവാൾ മത്സരിക്കുന്നില്ലെന്നും ഇ.ഡി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.