ബാലസോർ അപകടം: അഞ്ച് റെയിൽവേ ജീവനക്കാർക്കെതിരെ അന്വേഷണം
text_fieldsന്യൂഡൽഹി: ഒഡിഷയിലെ ബാലസോറിൽ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് അഞ്ച് റെയിൽവേ ജീവനക്കാർക്കെതിരെ അന്വേഷണം. സിഗ്നലിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന നാലുപേർ, ബഹാനഗ ബസാർ സ്റ്റേഷൻ മാസ്റ്റർ എന്നിവർക്കെതിരെയാണ് റെയിൽവേ സേഫ്റ്റി കമീഷണർ അന്വേഷണം നടത്തുന്നത്.
കമീഷണറുടെ റിപ്പോർട്ടിെന്റ അടിസ്ഥാനത്തിലായിരിക്കും ഇവർക്കെതിരായ തുടർനടപടികൾ. സിഗ്നലിങ് വിഭാഗത്തിലെ നാലുപേരും അപകടം നടക്കുമ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ്.
അതേസമയം, അപകടത്തിനിടയാക്കിയ കുറ്റകരമായ അനാസ്ഥയെക്കുറിച്ച് സി.ബി.ഐയും അന്വേഷണം നടത്തുന്നുണ്ട്. കോറമാണ്ഡൽ എക്സ്പ്രസിന് ലൂപ് ലൈനിലേക്ക് പ്രവേശിക്കാൻ പച്ച സിഗ്നൽ നൽകിയ ഇന്റർലോക്കിങ് സംവിധാനത്തിൽ തകരാർ സംഭവിച്ചിരിക്കാനുള്ള സാധ്യതയിലേക്കും റെയിൽവേ ഉദ്യോഗസ്ഥർ വിരൽചൂണ്ടുന്നുണ്ട്. ലൂപ് ലൈനിൽ കടന്ന ട്രെയിൻ നിർത്തിയിട്ട ചരക്കുവണ്ടിയിൽ ഇടിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മൂന്ന് സാധ്യതകളാണ് പരിശോധിക്കുന്നത്; ഇന്റർലോക്കിങ് സംവിധാനത്തിൽ തകരാർ ബോധപൂർവം സൃഷ്ടിച്ചതാണോ, അബദ്ധത്തിൽ സംഭവിച്ചതാണോ അല്ലെങ്കിൽ അറകുറ്റപ്പണിക്കിടെ സംഭവിച്ചതാണോ എന്നിവയാണ് പരിശോധിക്കുന്നത്.
അതിനിടെ, അപകടത്തിൽ പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിനിടെ, റെയിൽവേക്ക് പിന്തുണ പ്രഖ്യാപിച്ച് റെയിൽവേ ജീവനക്കാരുടെ രണ്ട് സംഘടനകൾ രംഗത്തുവന്നു. ട്രെയിൻ അപകടത്തെ രാഷ്ട്രീയവത്കരിച്ചത് വേദനജനകമാണെന്ന് ഓൾ ഇന്ത്യ റെയിൽവേ മെൻ ഫെഡറേഷൻ, നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെയിൽവേ മെൻ എന്നീ സംഘടനകൾ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.