ആർ.ജി കാർ മെഡിക്കൽ കോളജ് സാമ്പത്തിക ക്രമക്കേട്; ആറ് സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ്
text_fieldsകൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ മുതൽ തൃണമൂൽ എം.എൽ.എയുടെ വസതി ഉൾപ്പടെ ആറ് സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡ് ആരംഭിച്ചതായി റിപ്പോർട്ട്.
തൃണമൂലിന്റെ സെറാംപൂർ എം.എൽ.എ സുദീപ്തോ റോയിയുടെ വസതിയിലും ഒരു ഔഷദ വ്യാപാരിയുടെ വീട്ടിലും മറ്റ് നാല് സ്ഥലങ്ങളിലും തിരച്ചിൽ നടക്കുന്നതായി ഇ.ഡി ഉദ്യോഗസ്ഥൻ അറിയിച്ചു. ആർ.ജി കാർ ഹോസ്പിറ്റലിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണിതെന്നും തങ്ങൾക്ക് ചില വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും ഇ.ഡി ഓഫിസർ പറഞ്ഞു.
ആരോപണമുയർന്ന ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും ഇയാളുടെ മൂന്ന് കൂട്ടാളികളെയും സി.ബി.ഐ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹക്കടത്തും ആശുപത്രി മാലിന്യക്കടത്തുമടക്കം ഗുരുതര ആരോപണങ്ങൾ ആണ് ഘോഷിനെതിരെയുള്ളത്. ആശുപത്രിയിൽ ജൂനിയർ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ക്രമക്കേടുകളെല്ലാം പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.