കേസെടുത്തത് ഗ്രെറ്റക്കെതിരേ അല്ല, ടൂൾ കിറ്റിനെതിരേ; വിശദീകരണവുമായി ഡൽഹി പൊലീസ്
text_fieldsഡൽഹി: കർഷക പ്രക്ഷോഭത്തിനെ പിന്തുണച്ചതിന്‍റെ പേരിൽ സ്വീഡിഷ് കൗമാര കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരെ കേസെടുത്തിട്ടില്ലെന്ന വാദവുമായി ഡൽഹി പൊലീസ്. കേസെടുത്തത് ഗ്രെറ്റക്കെതിരെ അല്ലെന്നും അവർ ട്വീറ്റിൽ പങ്കുവച്ച ടൂൾകിറ്റിന് ഖാലിസ്ഥാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കേസെടുത്തതെന്നും പൊലീസ് പറയുന്നു.
ഗ്രേറ്റ പങ്കുവച്ച ടൂൾകിറ്റിൽ പരാമർശിക്കുന്ന ചില സോഷ്യൽമീഡിയ അകൗണ്ടുകൾ രാജ്യത്തിനെതിരേ പ്രവർത്തിച്ചെന്നും പൊലീസ് പറയുന്നു. 18 കാരിയായ ഗ്രെറ്റ തൻബെർഗിനെ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് എഫ്‌ഐആറിൽ ആരുടേയും പേരില്ല എന്നും കേസെടുത്തത് ടൂൾകിറ്റിന്‍റെ സ്രഷ്ടാക്കൾക്കെതിരേ ആണെന്നും പൊലീസ് പറയുന്നു.
എന്താണീ 'ടൂൾ കിറ്റ്'
ഇന്ത്യയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തെ കുറിച്ച് മനസിലാക്കുന്നതിനും ആളുകളെ സംഘടിപ്പിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ ഗൂഗ്ൾ രേഖയാണ് ടൂൾ കിറ്റ്. അതിൽ കാർഷിക നിയമങ്ങൾ സംബന്ധിച്ചും അതിനെതിരേ കർഷകർ ഉന്നയിക്കുന്ന വിയോജിപ്പുകൾ സംബന്ധിച്ചും പരാമർശങ്ങളുണ്ട്. കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന പ്രമുഖ സംഘടനകൾ, പ്രക്ഷോഭത്തിന്‍റെ വിവരങ്ങൾ പങ്കുവയ്ക്കുന്ന സോഷ്യൽമീഡിയ അകൗണ്ടുകൾ, പ്രക്ഷോഭത്തിലെ പ്രമുഖ ഹാഷ്ടാഗുകൾ എന്നിവയും കിറ്റിൽ പരാമർശിച്ചിട്ടുണ്ട്. യു.എൻ ഉൾപ്പെടുന്ന ലോകത്തിലെ വിവിധ കൂട്ടായ്മകൾക്ക് പ്രക്ഷോഭം സംബന്ധിച്ച് നിവേദനങ്ങളും പരാതികളും നൽകേണ്ടവിധവും ടൂൾ കിറ്റിൽ വിവരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് ഗ്രെറ്റ കർഷക സമരത്തെ കുറിച്ചുള്ള ആദ്യ ട്വീറ്റ് ചെയ്തത്. 'ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു' എന്നായിരുന്നു ട്വീറ്റ്. കർഷക പ്രതിഷേധത്തെ കുറിച്ചും ഡൽഹി അതിർത്തികളിൽ ഇൻറർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ കുറിച്ചും വിവരിക്കുന്ന സി.എൻ.എന്നിൽ വന്ന ലേഖനവും പങ്കുവെച്ചിരുന്നു. പോപ് ഗായിക റിഹാന കർഷകരെ പിന്തുണച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് ഗ്രെറ്റയും ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. വൈകാതെ കർഷക പ്രതിഷേധത്തെ പിന്തുണക്കാൻ സഹായകരമായ തരത്തിൽ പുതുക്കിയ ടൂൾ കിറ്റും ഗ്രെറ്റ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.