അറിയണം; അരവയറിലാണ് ലക്ഷദ്വീപ്
text_fieldsകൊച്ചി: അധികാരഹുങ്ക് തകർത്തുകളഞ്ഞ മത്സ്യത്തൊഴിലാളി ഷെഡുകൾ, നിർദാക്ഷിണ്യം പിരിച്ചുവിടപ്പെട്ട താൽക്കാലിക ജീവനക്കാർ, കോവിഡ് തൊഴിലില്ലാതാക്കിയവർ, വിജനമായ വഴികൾ... ലക്ഷദ്വീപിലെ വീട്ടകങ്ങൾ പൂർണദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ്. ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിക്കുന്നവർക്കെതിരെ പ്രതികാര നടപടിയെടുക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ ഈ ദുരിതം കണ്ടതായി നടിക്കുന്നില്ല. ഭക്ഷ്യക്കിറ്റ് വിതരണമടക്കം ക്ഷേമപ്രവർത്തനങ്ങളൊന്നും നടത്താതെ നിർജീവമാണ് ലക്ഷദ്വീപ് ഭരണകൂടം. തങ്ങൾ എങ്ങനെ ജീവിക്കുന്നുവെന്ന് പോലും അന്വേഷിക്കുന്നില്ലെന്ന് ജനം പറയുന്നു. മീൻപിടിച്ചാണ് ജീവിതമാർഗം കണ്ടെത്തുന്നത്. ജനവിരുദ്ധ നയങ്ങളുടെ ഭാഗമായി അഡ്മിനിസ്ട്രേറ്റർ തീരത്തെ ഷെഡുകൾ പൊളിച്ചു. ചുഴലിക്കാറ്റിൽ നിരവധി ബോട്ടുകളും തകർന്നതോടെ അവർ ഇരട്ടി ദുരിതത്തിലാണ്. ലോക്ഡൗൺ ഇളവില്ലാത്തതിനാൽ ജോലിയുമില്ല.
മത്സ്യത്തൊഴിലാളി, കർഷക കുടുംബങ്ങൾ ഇതോടെ പട്ടിണിയിലാണ്. പണം നൽകിയാൽ വളൻറിയർമാർ വഴി ഭക്ഷ്യസാധനങ്ങൾ വാങ്ങിനൽകാമെന്നാണ് അറിയിക്കുന്നത്. വളൻറിയർമാരായ വിദ്യാർഥികൾ വീടുകളിലെത്തിയപ്പോൾ പണം കൈയിലില്ലാത്തതിനാൽ അവശ്യസാധനങ്ങൾപോലും വാങ്ങാനാകാതെ ബുദ്ധിമുട്ടുന്നവരെയാണ് കാണാനായതെന്ന് ലക്ഷദ്വീപ് സ്റ്റുഡൻറ്സ് അസോസിയേഷൻ സെൻട്രൽ കമ്മിറ്റി മുൻ പബ്ലിസിറ്റി ബോർഡ് ചെയർമാൻ മിസ്ബാഹുദ്ദീൻ പറയുന്നു.
10 ശതമാനം മാത്രമുള്ള സർക്കാർ ജീവനക്കാർക്കാണ് ആകെ പിടിച്ചുനിൽക്കാൻ കഴിയുന്നത്. താൽക്കാലിക സർക്കാർ ജീവനക്കാർ തുച്ഛവേതനത്തിൽ ജോലി ചെയ്തിരുന്ന, ഒരു രൂപപോലും കരുതൽ സമ്പാദ്യമില്ലാത്തവരാണ്. അധികാരങ്ങൾ എടുത്തുമാറ്റിയതും ഫണ്ട് അപര്യാപ്തതയും കാരണം ജനപ്രതിനിധികൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് മിനിക്കോയ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോ. മുനീർ 'മാധ്യമ'ത്തോട് പറഞ്ഞു. കോവിഡ് വ്യാപനം തടയാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നിരവധി പരാതികൾ അധികൃതർക്ക് മുന്നിൽ എത്തിക്കഴിഞ്ഞു. തൊഴിൽരഹിത വേതനവും സാമ്പത്തിക സഹായവും എത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് എൻ.വൈ.സി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി കോയ അറഫ മിറാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.