ജയിലിൽ ആദ്യം ചോദിക്കുന്നത് ജാതിയെക്കുറിച്ചെന്ന് പ്രഫ. ജി.എൻ. സായിബാബ
text_fieldsഹൈദരാബാദ്: ജയിലിൽ എത്തിയാൽ ആദ്യം ചോദിക്കുന്നത് നിങ്ങളുടെ ജാതിയെക്കുറിച്ചാണെന്ന് പ്രഫ. ജി.എൻ .സായിബാബ. ഡൽഹി സർവ്വകലാശാല പ്രഫസറായിരുന്ന സായിബാബയെ 2014ൽ മാവോവാദി ബന്ധമാരോപിച്ച് കള്ളക്കേസിൽ കുടുക്കുകയായിരുന്നു.
ബോംബെ ഹൈകോടതി കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് 10 വർഷത്തിനു ശേഷം നാഗ്പൂർ ജയിലിൽ നിന്ന് ഈ വർഷം മേയിൽ അദ്ദേഹം മോചിതനായി. തന്റെ ജയിൽ ജീവിതകാലത്തെ കടുത്ത ദുരിതാനുഭവങ്ങൾ വാർത്ത പോർട്ടലുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ജയിൽ മാനുവൽ അനുസരിച്ച് പോലും വിവിധ ജാതികളിൽപ്പെട്ട തടവുകാർക്ക് അവരുടെ ജാതി നിഷ്‍കർഷിക്കുന്ന തൊഴിൽ നൽകേണ്ടിവരും.
ജാതി വ്യവസ്ഥയാണ് അവിടെ ഔദ്യോഗികമായി പിന്തുടരുന്നതെന്നും സായിബാബ പറഞ്ഞു. ജാതി ഐഡന്റിറ്റി ജയിലിൽ എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കും. ഭക്ഷണം തയ്യാറാക്കുക, വിളമ്പുക തുടങ്ങിയവയെല്ലാം അന്തേവാസിയുടെ ജാതിയെ ആശ്രയിച്ചാണ് ചെയ്യുന്നത്. ഒരു ദശാബ്ദക്കാലമാണ് ജയിലിലെ ‘അണ്ടസെൽ’ എന്നു പേരിട്ട പ്രത്യേക മുറിയിൽ അദ്ദേഹം കഴിഞ്ഞത്. അണ്ട സെല്ലിനുള്ളിൽ വീൽ ചെയർ തിരിക്കാനോ സ്വാഭാവിക ജോലികൾ ചെയ്യാനോ പോലും സാധിച്ചിരുന്നില്ല.
തടവുകാരിൽ ഭൂരിഭാഗവും പാർശ്വവൽക്കരിക്കപ്പെട്ട, പിന്നാക്ക വിഭാഗത്തിൽ പ്പെട്ടവരായിരുന്നു. ഉയർന്ന വിഭാഗങ്ങളിൽ നിന്ന് വരുന്നവർ കുറ്റം ചെയ്യില്ലേ എന്നു പോലും ഞാൻ അത്ഭുതപ്പെട്ടു. ഒരു തെറ്റും കൂടാതെ വർഷങ്ങളായി ജയിലിൽ കഴിയുന്നവരാണ് ഭൂരിഭാഗം തടവുകാരും.
ജയിലുകൾ ക്രിമിനലുകളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ആരോഗ്യപരിരക്ഷ നൽകാനും ചികിത്സിക്കാൻ തയ്യാറുള്ള ഡോക്ടർമാരെ നൽകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടും എനിക്ക് അത് നിഷേധിക്കപ്പെട്ടു. കുടുംബാംഗങ്ങൾ കൊണ്ടുവന്ന മരുന്നുകൾ നൽകിയില്ല.
ഏകാന്ത തടവിൽ കഴിയുകയായിരുന്നെങ്കിലും എനിക്ക് രണ്ടുതവണ കോവിഡ് ബാധിച്ചു. പക്ഷേ അവർ എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. എനിക്ക് ഒരു ഓക്സിജൻ സിലിണ്ടർ പോലും തന്നില്ല. ഞാൻ ഇടയ്ക്കിടെ ബോധരഹിതനാവാറുണ്ടായിരുന്നുവെന്നും സായിബാബ അവകാശപ്പെട്ടു.
സായിബാബ അഞ്ചു മാസം മുമ്പ് മോചിതനായെങ്കിലും ജയിലിനുള്ളിൽ നിന്ന് ലഭിച്ച വിവിധ രോഗങ്ങൾക്ക് ചികിത്സയിൽ തുടരുകയാണ്. ഞരമ്പുകൾ ദുർബലമായതിനാൽ ഇടതുകൈ കൊണ്ട് ജോലിയും ചെയ്യാൻ കഴിയില്ലെന്നും ജി.എൻ. സായിബാബ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.