മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് ആഘാതമേൽപിക്കുന്ന വിയോഗം; യെച്ചൂരിയുടെ ഓർമകളുമായി പ്രഫസർ സായിബാബ
text_fieldsന്യൂഡൽഹി: സീതാറാമിന്റെ പോരാട്ടത്തിന്റെ പാരമ്പര്യം ഞങ്ങൾ മുന്നോട്ടുതന്നെ കൊണ്ടുപോകുമെന്ന് പുതുതലമുറ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആ പോരാട്ടത്തിന്റെ ഗുണഭോക്താക്കളിലൊരാളാണ് താനെന്ന് സാക്ഷ്യപ്പെടുത്താൻ ഗോൾ മാർക്കറ്റിലെ ഭായ് വീർ സിങ് മാർഗിൽ വീൽചെയറിലിരിക്കുകയാണ് കുറ്റമുക്തനായി ജയിൽ മോചിതനായ ഡൽഹി സർവകലാശാലയിലെ പ്രഫസർ സായിബാബ. നിഴലായി കൂടെയുള്ള ഭാര്യ വസന്തകുമാരിയുമുണ്ട്.
നാലുവർഷം കാരാഗൃഹത്തിലായ പ്രിയ കൂട്ടുകാരൻ ഉമർ ഖാലിദിനു വേണ്ടി പോരാട്ടം തുടരുന്ന ബോ ജ്യോൽസ്‍ന ലാഹിരിയും ബിൽകീസ് ബാനുവിനും ഗുജറാത്ത് കലാപത്തിലെ ഇരകൾക്കും വേണ്ടി പോരാടിയ ടീസ്റ്റ സെറ്റൽവാദും ശബ്നം ഹാശ്മിയുമുണ്ട്. ദേശീയ രാഷ്ട്രീയത്തിന് മാത്രമല്ല, ഇന്ത്യയിലെ മനുഷ്യാവകാശ പോരാട്ടങ്ങൾക്കുകൂടി ആഘാതമേൽപിക്കുന്ന നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ വിയോഗമെന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണവർ.
മാവോവാദി കേസിൽ യു.എ.പി.എ ചുമത്തി തന്നെ ജയിലിലടച്ചപ്പോൾ അതിനെതിരെയുള്ള നിയമപോരാട്ടത്തിന് മുന്നിൽ നിന്ന നേതാവായിരുന്നു സീതാറാം എന്ന് സായിബാബ അനുസ്മരിച്ചു. സോഷ്യലിസത്തിനാണ് ഇന്ത്യയിൽ ഭാവിയെന്ന് വിശ്വസിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്ത നേതാവാണ് അദ്ദേഹം.
തന്നെപ്പോലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഇരകൾക്ക് വലിയ നഷ്ടമാണ് ഈ വിയോഗമെന്നുകൂടി സായിബാബ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.