കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പിൻവലിക്കും
text_fieldsബംഗളൂരു: കർണാടകയിൽ മുൻ ബി.ജെ.പി സർക്കാർ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ആർ.എസ്.എസ് സ്ഥാപകൻ കെ.ബി ഹെഡ്ഗേവാറിനെ കുറിച്ച പാഠപുസ്തകത്തിലെ ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്യും. ഇതിനായി വിദഗ്ധ സമിതി രൂപവത്കരിക്കും. എല്ലാ സ്കൂളുകളിലും കോളജുകളിലും ഭരണഘടനയുടെ ആമുഖം വായിച്ച് അധ്യയനം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി സർക്കാറിന്റെ വിവാദനിയമങ്ങൾ പിൻവലിക്കുമെന്നും വിദ്വേഷ പ്രചാരകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് സർക്കാർ വ്യക്തമാക്കിയിരുന്നു.
കർണാടകയിൽ സെപ്റ്റംബർ 30നാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമം പ്രബല്യത്തിൽ വന്നത്. ഏതുതരത്തിലുള്ള മതംമാറ്റവും നിയമത്തിന് കീഴിൽ ആകുന്ന തരത്തിലാണ് ഇതിലെ വ്യവസ്ഥകൾ. നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവ് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. തെറ്റിദ്ധരിപ്പിക്കൽ, നിർബന്ധിക്കൽ, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഒരാളെ ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിച്ചിരുന്നു. നിയമത്തിലെ വ്യവസ്ഥകളുടെ മറവിൽ നിരവധി ക്രൈസ്തവ പുരോഹിതർക്കെതിരെയും മുസ്‍ലിംകൾക്കെതിരെയും ബി.ജെ.പി സർക്കാർ വ്യാപകമായി കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.