ഏക്നാഥ് ഷിൻഡെയുടെ ശക്തി കേന്ദ്രമായ താനെയിൽ നിരോധനാജ്ഞ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ശിവസേന വിമത എം.എൽ.എമാരും മഹാ വികാസ് അഘാഡി സർക്കാരും തമ്മിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമായിരക്കെ ഏക്നാഥ് ഷിൻഡെയുടെ ശക്തികേന്ദ്രമായ താനെയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ജൂൺ 30 വരെയാണ് നിരോധനാജ്ഞ.
വടികൾ, ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ എന്നിവ കൈയിൽ കരുതൽ, പോസ്റ്റർ കത്തിക്കൽ, കോലം കത്തിക്കൽ എന്നിവ നിരോധിച്ച് പൊലീസ് ഉത്തരവിറക്കി. മുദ്രാവാക്യം വിളിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
നാസിക്കിൽ വെള്ളിയാഴ്ച ഏക്നാഥ് ഷിൻഡെയുടെ പോസ്റ്ററുകൾക്ക് നേരെ മുട്ടയേറും കറുത്ത മഷി ഒഴിക്കലും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിയും അരങ്ങേറിയിരുന്നു. വ്യാഴാഴ്ചയും സമാനരീതിയിൽ വിമത എം.എൽ.എ സദാ സർവങ്കറിന്റെ പോസ്റ്ററിൽ കറുത്ത മഷി ഉപയോഗിച്ച് വഞ്ചകനെന്ന് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ മണ്ഡലമായ മാഹിമിലാണ് സംഭവം. വോട്ടർമാരുടെ വിശ്വാസം വിറ്റ വഞ്ചകരാണ് വിമത എം.എൽ.എമാർ എന്ന മുദ്രാവാക്യം ഉയർത്തി ഒരു കൂട്ടം ശിവസേന പ്രവർത്തകർ ബുധനാഴ്ച തെരുവിലിറങ്ങിയിരുന്നു.
കൂടുതൽ എം.എൽ.എമാർ ഷിൻഡെ ക്യാമ്പിൽ ചേർന്നതോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ബുധനാഴ്ച നടന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്തതിന് വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിനോട് ശിവസേന ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് മന്ത്രി ഏക്നാഥ് ഷിൻഡെയുൾപ്പെടെ 16 വിമത എം.എൽ.എമാർക്ക് നോട്ടീസ് അയക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.