ആർ.ജി കർ ആശുപത്രി പരിസരത്തെ നിരോധനാജ്ഞ ആഗസ്റ്റ് 31 വരെ നീട്ടി
text_fieldsകൊൽക്കത്ത: ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമുള്ള നിരോധന ഉത്തരവുകൾ ആഗസ്റ്റ് 31 വരെ നീട്ടി. കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയൽ ശനിയാഴ്ച നടത്തിയ പ്രസ്താവനയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
ആഗസ്റ്റ് 18 വരെയായിരുന്നു ആദ്യം നിരോധനം ഏർപ്പെടുത്തിയിരുന്നത്. പിന്നീട് സാഹചര്യങ്ങൾ കണക്കിലെടുത്ത് 31 വരെ നീട്ടുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയുടെ (ബി.എൻ.എസ്) സെക്ഷൻ 163 (2) പ്രകാരം ബെൽഗാച്ചിയ റോഡ്-ജെ കെ മിത്ര ക്രോസിംഗ് മുതൽ നോർത്ത് കൊൽക്കത്തയിലെ ശ്യാംബസാർ ഫൈവ് പോയിന്‍റ് ക്രോസിംഗ് ബെൽറ്റിന്‍റെ ചില ഭാഗങ്ങൾ വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
സംഘർഷങ്ങൾ തടയുന്നതിനും പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് കൊൽക്കത്ത പൊലീസ് വ്യക്തമാക്കി. വിലക്കുകൾ ലംഘിക്കുന്നവർക്ക് 2023 ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 223 പ്രകാരമുള്ള ശിക്ഷ നൽകുമെന്ന് ഉത്തരവിൽ പറയുന്നു.
ആഗസ്റ്റ് ഒമ്പതിനാണ് കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ 28കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ബലാത്സംഗത്തിന് ശേഷം ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതിയായ സഞ്ജയ് റോയിയുടെ നുണ പരിശോധന ടെസ്റ്റ് തുടങ്ങിയിട്ടുണ്ട്. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും സംഭവം നടന്ന രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഡോക്ടർമാരും ഒരു സിവിൽ വോളൻന്റിയറും ഉൾപ്പെടെ ആറുപേരുടെ പോളിഗ്രാഫ് പരിശോധനയും നടക്കുന്നുണ്ട്.
പ്രതിയുടെ പരിശോധന ജയിലിൽ വെച്ചും മറ്റ് ആറു പേരുടെത് സി.ബി.ഐ ഓഫിസിൽ വെച്ചുമാണ് നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനും മറ്റ് അഞ്ചു പേർക്കും പരിശോധന നടത്തണമെന്ന സി.ബി.ഐ അപേക്ഷ വ്യാഴാഴ്ച കോടതി അംഗീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.