ഇന്ത്യൻ മുസ്ലിംകളുടെ വികാസത്തിന് ഇസ്ലാമിന്റെ അടിസ്ഥാനങ്ങൾ മാത്രം മതി -എസ്.വൈ ഖുറൈശി
text_fieldsന്യൂഡൽഹി: ഇസ്ലാമിന്റെ അടിസ്ഥാനങ്ങൾ മാത്രം മതി ഇന്ത്യൻ മുസ്ലിംകളുടെ വികാസത്തിനെന്നും എന്നാൽ ഇസ്ലാമുമായി മുസ്ലിംകൾ ഏറ്റുമുട്ടുന്ന സാഹചര്യമാണ് നിൽനിൽക്കുന്നത് എന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഡോ. എസ്.വൈ ഖുറൈശി അഭിപ്രായപ്പെട്ടു. അന്തരിച്ച പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്‍റെ സ്മരണക്കായി ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ആവിഷ്ക്കരിച്ച പദ്ധതികളുടെ പ്രഖ്യാപനവും സ്കോളർഷിപ്പ് വിതരണവും ന്യൂഡൽഹി ഇന്ത്യാ ഇസ്ലാമിക് സെന്‍ററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഖുറൈശി.
ഇസ്ലാമിന്റെ ഏറ്റവും നല്ല അടിസ്ഥാനങ്ങൾക്ക് എതിരായാണ് മുസ്ലികളുടെ പ്രവർത്തനം. വായിക്കൂ എന്ന ആദ്യ വാക്ക് പഠിപ്പിച്ച ഖുർആന്‍റെ അനുയായികൾ വിദ്യാഭ്യാസത്തിൽ ഏറ്റവും പിന്നിലാണ്. സകാത്ത് അഞ്ച് അടിസ്ഥാനങ്ങളിലൊന്നാക്കിയതാണ് ഇസ്ലാം. 'സകാത്തി'ലൂടെയും ദാനധർമത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനത്തിനിറങ്ങാനാണത് ചെയ്തത്. എന്നാൽ വടക്കേ ഇന്ത്യയിലെങ്കിലും മുസ്ലിംകൾ ജീവകാരുണ്യ പ്രവർത്തനത്തിന് ഇറങ്ങുന്നില്ല. ദാനധർമം മാത്രമല്ല, സകാത്തും നൽകാൻ തയാറാകുന്നില്ല. നമസ്കാരവും നോമ്പും പോലെ നിർബന്ധ ബാധ്യതയായ സകാത്തും നടപ്പാക്കിയാൽ ഇന്ത്യൻ മുസ്ലിംകൾ രക്ഷപ്പെടാൻ അത് മതി. കേരളത്തിൽ നിന്നും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും സന്നദ്ധപ്രവർത്തകർ ഡൽഹിയിൽ വന്ന് സാമൂഹിക പ്രവർത്തനം നടത്തുന്നത് പോലെ ഉത്തരേന്ത്യയിലുള്ളവർ മുന്നിട്ടിറങ്ങുന്നില്ല.
അൽശിഫ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഡൽഹിയിൽ സ്ഥാപിക്കാൻ പ്രൊഫ. കെ.എ സിദ്ദീഖ് ഹസൻ വരേണ്ടിവന്നു. ഒരു ഡൽഹിക്കാരനും ഇത്തരമൊരു ആശുപത്രി സ്ഥാപിക്കാൻ കഴിഞ്ഞില്ല. വിവിധ മേഖലകളിൽ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ സന്തോഷിപ്പിച്ചുവെന്ന് ഖുറൈശി പറഞ്ഞു. മികച്ച രീതിയിലുള്ള പ്രവർത്തനവും വൈവിധ്യമാർന്ന മേഖലകളിലെ ഇടപെടലുകളും വിദ്യാഭ്യാസ മേഖലക്ക് നൽകുന്ന ഊന്നലുമാണ് ഏറ്റവും ആകർഷകമായി തോന്നിയത് എന്നും ഖുറൈശി കൂട്ടിച്ചേർത്തു.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒകൾക്കും വ്യക്തികൾക്കും യഥാക്രമം അഞ്ച് ലക്ഷം രൂപയുടെയും ഒരു ലക്ഷം രൂപയുടെയും പേരിലുള്ള പ്രൊഫ. കെ.എ സിദ്ദീഖ് ഹസൻ മെമോറിയൽ ദേശീയ അവാർഡ്, ഉന്നത പഠനത്തിന് ഓരോ വർഷം നൂറ് വിദ്യാർഥികൾക്ക് പ്രൊഫ. കെ.എ സിദ്ദീഖ് ഹസൻ മെമോറിയൽ സ്കോളർഷിപ്പ് എന്നിവയാണ് ഏർപ്പെടുത്തിയത്. സ്കോളർഷിപ്പ് വിതരണവും ചടങ്ങിൽ നടന്നു.
ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. സിറാജ് ഹുസൈൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.കെ നൗഫൽ, സലീമുല്ലാ ഖാൻ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ട്രസ്റ്റീ അബ്ദുൽ ജബ്ബാർ സിദ്ദീഖി, ശഫീഅ് മുനീസ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.