പ്രവാചക നിന്ദ; സംഘർഷങ്ങൾ എൻ.ഐ.എ അന്വേഷിക്കണമെന്ന് ദേശീയ ബാലാവകാശ കമീഷൻ
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന സംഘർഷങ്ങൾ അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയോട് കേന്ദ്രം ശിപാർശ ചെയ്യണമെന്ന് ദേശീയ ബാലാവകാശ കമീഷൻ. അക്രമങ്ങളിൽ കുട്ടികളെ ഉപയോഗിച്ചതായി വ്യാപക പരാതി ഉയരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമീഷന്‍റെ നടപടി.
കഴിഞ്ഞാഴ്ച നടന്ന അക്രമസംഭവങ്ങളിൽ ഏതൊക്കെ സംഘടനകളാണ് കുട്ടികളെ ഉപയോഗിച്ചതെന്ന് വ്യക്തമല്ലെന്ന് ബാലാവകാശ കമീഷൻ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂംഗോ ട്വീറ്റ് ചെയ്തു. വിഷയത്തിൽ എൻ.ഐ.എയുടെ അന്വേഷണത്തിന് കേന്ദ്ര സർക്കാരിനോട് ശിപാർശ ചെയ്യാൻ എല്ലാ സംസ്ഥാന സർക്കാറുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയതിന് ബി.ജെ.പി നേതാവ് നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധം പിന്നീട് അക്രമാസക്തമാകുകയായിരുന്നു. ജൂൺ പത്തിന് ഡൽഹിയിലുൾപ്പടെ വിവിധ സ്ഥലങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടന്നു. കാൺപൂരിൽ നടന്ന പ്രതിഷേധത്തിൽ 20 പൊലീസുകാരുൾപ്പെടെ 40 പേർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.