പ്രവാചക നിന്ദ: അറസ്റ്റിലായ രാജ സിങ്ങിന് ജാമ്യം
text_fieldsഹൈദരാബാദ്: പ്രവാചകനെ നിന്ദിച്ചതിന് അറസ്റ്റിലായ ബി.ജെ.പി നേതാവും തെലങ്കാന ഗോഷാമഹൽ എം.എൽ.എയുമായ ടി. രാജാ സിങ്ങിന് ജാമ്യം. ചൊവ്വാഴ്ച വൈകീട്ട് നാമ്പള്ളി കോടതിയാണ് ജാമ്യം അനുവദിച്ചത്.
എംഎൽഎയെ അറസ്റ്റ് ചെയ്ത ഹൈദരാബാദ് പൊലീസിന്റെ നടപടിയിൽ ക്രമക്കേടുകൾ ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് അഭിഭാഷകൻ വാദിച്ചു. റിമാൻഡ് ആവശ്യപ്പെട്ട് പൊലീസ് ഉന്നയിച്ച വാദങ്ങൾ തള്ളി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന രാജാസിങ്ങിന്റെ വിഡിയോ ഇന്നലെ രാത്രി യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. വിവാദമായതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. സൗത്ത് സോൺ പൊലീസ് ഇയാളെ രാവിലെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295 (എ), 153 (എ), 505 (1) (ബി), 505 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. തൊട്ടുപിന്നാലെ ബി.ജെ.പി ഇയാളെ പാർട്ടിയിൽ നിന്ന് സസ്‍പെൻഡ് ചെയ്തു. അതിനിടെ, പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിഷേധക്കാർ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. ലാത്തിച്ചാർജ് നടത്തിയാണ് ഇവരെ പിരിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.