നുപൂർ ശർമക്ക് മാപ്പ് നൽകണമെന്ന് ജമാഅത്ത് ഉലമ-എ-ഹിന്ദ്; പാർട്ടിയിൽനിന്ന് പുറത്താക്കിയത് സ്വാഗതാർഹം
text_fieldsന്യൂഡൽഹി: പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപൂർ ശർമക്ക് മാപ്പ് നൽകണമെന്ന് ജമാഅത്ത് ഉലമ-എ-ഹിന്ദ് പ്രസിഡന്റ് സുഹൈബ് ഖാസ്മി. വിവാദ പരമാർശങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന രാജ്യവ്യാപക സംഘർഷങ്ങളോടും നുപൂർ ശർമക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളോടും മുസ്‍ലിം പണ്ഡിതരുടെ സംഘടന വിയോജിക്കുന്നതായും അദ്ദേഹം അറിയിച്ചു.
വിവാദ പരാമർശത്തിന്റെയും അതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ ഡൽഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. നുപൂർ ശർമക്ക് മാപ്പ് നൽകണമെന്നാണ് ഇസ്‍ലാമിക രീതിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നുപൂറിനെ പാർട്ടിയിൽനിന്ന് പുറത്താക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. രാജ്യത്തിന്‍റെ നിയമസംവിധാനങ്ങളെ അംഗീകരിക്കുന്നു. ഞങ്ങൾ നിയമം കൈയിലെടുക്കാൻ പോകുന്നില്ല.
പരാമർശങ്ങളുമായി ബന്ധപ്പെട്ട് ആക്രമണങ്ങൾ നടത്തുന്നതിനെ പിന്തുണക്കരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അസദുദ്ദീൻ ഉവൈസിക്കും മുഹമ്മദ് മദനിക്കുമെതിരെ ജമാഅത്ത് ഉലമ-എ-ഹിന്ദ് ഫത്‌വ പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി നേതാക്കളായ നുപൂർ ശർമ, നവീൻകുമാർ ജിൻഡാൽ എന്നിവരുടെ പ്രവാചക നിന്ദ പ്രസ്താവനയെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമായി. റാഞ്ചിയിൽ പ്രതിഷേധത്തിനിടെ രണ്ടുപേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.