പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം; ഉത്തർപ്രദേശിൽ കൂട്ട അറസ്റ്റ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ഇതിനകം 227 പേരെയാണ് ആറു ജില്ലകളിൽനിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രയാഗ് രാജിൽനിന്ന് ആറുപേരെയും ഹത്രാസിൽനിന്ന് 50 പേരെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു. സഹാറൺപുർ (എട്ടു പേർ), അംബേദ്കർ നഗർ (28 പേർ), മൊറാദാബാദ് (25), ഫിറോസാബാദ് (എട്ട്) ജില്ലകളിലും അറസ്റ്റ് നടന്നു. പ്രതിഷേധം അരങ്ങേറിയ സ്ഥലങ്ങളിൽനിന്ന് ലഭിച്ച വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ആക്രമികളെ തിരിച്ചറിഞ്ഞത്. ജില്ല ഭരണകൂടത്തിന്‍റെ സമാധാന ആഹ്വാനം തള്ളിയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയതെന്നും മുതിർന്ന പൊലീസ് ഓഫിസർ പ്രശാന്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു പിന്നാലെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങിയിരുന്നു. നിരവധി സ്ഥലങ്ങളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.