പ്രവാചക നിന്ദ: ഹൗറയിലെ നിരോധനാജ്ഞ ജൂൺ 15 വരെ നീട്ടി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ വർധിച്ച് വരുന്ന സംഘർഷത്തിനിടയിൽ ഹൗറ ജില്ലയിലെ ദേശീയ പാതകളിലും റെയിൽവേ സ്റ്റേഷൻ പരിസരത്തുമേർപ്പെടുത്തിയിട്ടുളള നിരോധനാജ്ഞ ജൂൺ 15 വരെ നീട്ടി. ജൂൺ 13 വരെ ജില്ലയിലുടനീളം ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തി വെച്ചതായി അധികൃതർ അറിയിച്ചു.
പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരമാർശം നടത്തിയതിന് ജില്ലയിൽ പ്രതിഷേധം രൂക്ഷമായി. തുടർച്ചയായ രണ്ടാം ദിവസവും പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പഞ്ച്ല ബസാർ മേഖലയിൽ കല്ലേറുണ്ടായതിനെ തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു.
വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ ഹൗറയിലെ വിവധ ഭാഗങ്ങളിലായി നൂറുകണക്കിനാളുകൾ റോഡ് ഉപരോധിച്ചതായി പൊലീസ് അറിയിച്ചു. ദേശീയ പാതയിലെ ഉപരോധം നീക്കാൻ ശ്രമിച്ചതിനെ തുടർന്ന് ധുലാഗഡ്, പഞ്ച്ല, ഉലുബെരിയ എന്നിവിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുമായി പ്രക്ഷോഭക്കാർ ഏറ്റുമുട്ടി.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയതിന് രണ്ട് ബി.ജെ.പി നേതാക്കളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജനക്കൂട്ടത്തെ പിരിച്ച് വിടാനായി ധുലാഗഡിലും പഞ്ച്ലയിലും പൊലീസ് ലാത്തി ചാർജ് പ്രയോഗിച്ചു. തുടർന്നുണ്ടായ കല്ലേറിൽ സമീപത്തുണ്ടായിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഹൗറ-ഖരഗ്പൂർ സെക്ഷനിലെ ഫുലേശ്വറിനും ചെങ്കൈൽ സ്റ്റേഷനുകൾക്കുമിടയിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ പ്രതിഷേധക്കാർ റെയിൽവേ ട്രാക്കുകൾ തടഞ്ഞതായി സൗത്ത് ഈസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് ബി.ജെ.പി നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്നാശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതായി ബംഗാൾ ഇമാംസ് അസോസിയേഷൻ പ്രസിഡന്റ് എം.ഡി യഹിയ പറഞ്ഞു. റോഡുകൾ തടഞ്ഞ് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.