മിയാഗഞ്ചിന്‍റെ പേര് മാറ്റാൻ യു.പി സർക്കാർ; പുതിയ പേര് മായാഗഞ്ച്
text_fieldsലഖ്നോ: യു.പിയിൽ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെ സ്ഥാപനങ്ങളുടെയും പേരുമാറ്റൽ തകൃതിയായി നടക്കുന്നു. ഉന്നാവിലെ ഗ്രാമപഞ്ചായത്തായ മിയാഗഞ്ചിന്‍റെ പേര് മായാഗഞ്ച് എന്നാക്കി മാറ്റണമെന്ന ആവശ്യമാണ് ജില്ല ഭരണകൂടം സംസ്ഥാന സർക്കാറിന് നൽകിയിരിക്കുന്നത്.
ഉന്നാവ് ജില്ല മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ ഇതുസംബന്ധിച്ച് സർക്കാറിന് കത്തയച്ചു. പേരുമാറ്റം ഉടൻതന്നെയുണ്ടാകുമെന്നാണ് സൂചന. സാഫിപൂരിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ബംബാ ലാൽ ദിവാകറാണ് പേരുമാറ്റം ആവശ്യപ്പെട്ട് ആദ്യമായി കത്ത് നൽകിയതെന്ന് ജില്ല മജിസ്ട്രേറ്റ് വ്യക്തമാക്കി.
2017ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗി ആദിത്യനാഥ് ഉറപ്പുനൽകിയതാണ് മിയാഗഞ്ചിന്‍റെ പേരുമാറ്റമെന്ന് ബംബാ ലാൽ ദിവാകർ പറഞ്ഞു. മുഖ്യമന്ത്രിയുമായി ഇതുസംബന്ധിച്ച് സംസാരിച്ചുവെന്നും അദ്ദേഹത്തിന്‍റെ നിർദേശപ്രകാരമാണ് പേരുമാറ്റത്തിനുള്ള ആവശ്യം ഉന്നയിച്ചതെന്നും എം.എൽ.എ പറഞ്ഞു.
അതേസമയം, മിർസാപൂരിന്‍റെ പേര് മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മന്ത്രി രമാശങ്കർ സിങ്ങാണ് ഈ ആവശ്യം ഉന്നയിച്ചത്. മിർസാപൂരിന്‍റെ പേര് വിന്ധ്യാ ധാം എന്നാക്കി മാറ്റണമെന്നാണ് ആവശ്യം.
ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം യു.പിയിൽ നിരവധി നഗരങ്ങളുടെ പേര് മാറ്റിയിട്ടുണ്ട്. അലഹബാദിന്‍റെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റിയിരുന്നു. നഗരത്തിലെ നാല് റെയിൽവേ സ്റ്റേഷനുകളുടെ പേരും മാറ്റി. ഫൈസാബാദിനെ അയോധ്യയെന്നും മുഗൾസരായി റെയിൽവേ സ്റ്റേഷനെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ സ്റ്റേഷൻ എന്നും പേര് മാറ്റിയിരുന്നു. അലിഗഢിന്‍റെ പേര് മാറ്റി ഹരിഗഢ് എന്നാക്കാനും തീരുമാനമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.