ഡൽഹി ജമാ മസ്ജിദ് സംരക്ഷിത സ്മാരകമാക്കണമെന്ന ആവശ്യം: ആർക്കിയോളജി വിഭാഗത്തിന് സമയം നൽകി ഹൈകോടതി
text_fieldsന്യൂഡൽഹി: ഡൽഹി ജമാ മസ്ജിദിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) കൂടുതൽ സമയം അനുവദിച്ച് ഡൽഹി ഹൈകോടതി. മസ്ജിദ് ‘സംരക്ഷിത സ്മാരക’മായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജികളിലാണ് ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, അമിത് ശർമ എന്നിവരുടെ ബെഞ്ച് അടുത്ത വാദം കേൾക്കൽ തിയതിയായ ജനുവരി 29ന് ഒരാഴ്ച മുമ്പെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. ഡിസംബർ 11നായിരുന്നു ഈ ഉത്തരവ്. റിപ്പോർട്ട് സമർപ്പണത്തിനായി ഒക്ടോബർ 23ലെ ഉത്തരവു പ്രകാരം സർവേയോ പരിശോധനയോ നടത്താമെന്നും 11ലെ ഉത്തരവിൽ പറയുന്നു.
വഖഫ് ബോർഡിന്റെ പ്രതിനിധികളോടൊപ്പം പരിശോധന നടത്തണമെന്നായിരുന്നു കോടതി നിർദേശം. ഡിസംബർ 11ന് എ.എസ്.ഐക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അനിൽ സോണിയാണ് കൂടുതൽ സമയം തേടിയത്. പരിശോധനക്കായി പോകുന്ന സംഘത്തിനൊപ്പം ഹരജിക്കാരന്റെ അഭിഭാഷകനെയും കോടതി അനുവദിച്ചിട്ടുണ്ട്. സുഹൈൽ അഹ്മദ് ഖാൻ, അജയ് ഗൗതം എന്നിവർ 2014ൽ നൽകിയ പൊതുതാൽപര്യ ഹരജിയിൽ ജമാമസ്ജിദ് എ.എസ്.ഐയുടെ പരിധിയിൽ വരാത്തത് ചോദ്യം ചെയ്തിരുന്നു. ജമാമസ്ജിദ് ഇമാം മൗലാന സെയ്ദ് അഹ്മദ് ബുഖാരി ‘ഷാഹി ഇമാം’ എന്ന പദവി ഉപയോഗിക്കുന്നതും മകനെ ഉപ ഇമാമായി അവരോധിക്കുന്നതും ചോദ്യം ചെയ്യുകയുണ്ടായി.
ജമാ മസ്ജിദ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കില്ലെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഷാഹി ഇമാമിന് ഉറപ്പുനൽകിയ കാര്യം 2015ൽ എ.എസ്.ഐ കോടതിയെ അറിയിച്ചിരുന്നു. മസ്ജിദ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഇതിനുവേണ്ട മുൻകരുതലുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പുതിയ സത്യവാങ്മൂലത്തിൽ എ.എസ്.ഐ വ്യക്തമാക്കി.
സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചാൽ ചില നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും എ.എസ്.ഐ അറിയിച്ചു. മുഗൾ കാലഘട്ടത്തിൽ നിർമിച്ച ജമാമസ്ജിദ് ഡൽഹി വഖഫ് ബോർഡിന്റെ നിയന്ത്രണത്തിലാണെങ്കിലും എ.എസ്.ഐ ആണ് സംരക്ഷണ ജോലി നിർവഹിക്കുന്നത്.
പള്ളികൾക്കും ദർഗകൾക്കുമെതിരായ കേസുകളിൽ പുതുതായി സർവേ നടത്തുന്നത് ഇനിയൊരുത്തരവുണ്ടാകുന്നതുവരെ സുപ്രീംകോടതി തടഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായി ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ചുള്ള പുതിയ കേസുകളൊന്നും കോടതികൾ സ്വീകരിക്കരുതെന്നും കഴിഞ്ഞയാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഇത് കൂടാതെ നിലവിലുള്ള കേസുകളിൽ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കരുതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് നിർദേശിക്കുകയുണ്ടായി.
അതേസമയം പള്ളികൾക്കും ദർഗകൾക്കും മേൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വവാദികൾ സമർപ്പിച്ച കേസുകളിൽ തുടർനടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. 1991ലെ നിയമം ഇത്തരം കേസുകൾ വ്യക്തമായി തടയുന്നതിനാൽ പ്രസ്തുത നിയമത്തിന്റെ സാധുത തീരുമാനിക്കുംവരെ ഇവ അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി.
സംഭൽ ക്ഷേത്രത്തിൽ ആരാധന തുടങ്ങി
സംഭൽ (യുപി): 46 വർഷത്തിനു ശേഷം തുറന്ന ഭസ്മ ശങ്കർ ക്ഷേത്രത്തിൽനിന്ന് കണ്ടെത്തിയ ഹനുമാൻ വിഗ്രഹത്തിൽ പ്രാർഥിക്കാൻ ചൊവ്വാഴ്ച ഖഗ്ഗു സരായ് പ്രദേശത്ത് ഭക്തജനത്തിരക്ക്. പുലർച്ച നാലോടെ ക്ഷേത്രം വൃത്തിയാക്കി ഹനുമാൻ ചാലിസ പാരായണം ചെയ്യുകയും ചെയ്തതായി ക്ഷേത്രം പൂജാരി പറഞ്ഞു. 1978 മുതൽ പൂട്ടിക്കിടന്ന ക്ഷേത്രത്തിൽ ഹനുമാൻ വിഗ്രഹത്തിന് പുറമെ ശിവലിംഗവും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.