മണിപ്പൂരിൽ ആരാധനാലയങ്ങളുടെ സംരക്ഷണം: നടപടികൾ അറിയിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വംശീയ സംഘർഷം 170 പേരുടെ ജീവനെടുത്ത മണിപ്പൂരിൽ ആരാധനാലയങ്ങളുടെ സംരക്ഷണത്തിന് സ്വീകരിച്ച നടപടികളെക്കുറിച്ച് സംസ്ഥാന സർക്കാർ വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി. സംഘർഷത്തിൽ തകർക്കപ്പെട്ട എല്ലാ ആരാധനാലയങ്ങളുടെയും പട്ടിക രണ്ടാഴ്ചക്കകം സുപ്രീംകോടതി നിയോഗിച്ച സമിതി മുമ്പാകെ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
മുൻ ഹൈകോടതി ജഡ്ജിമാരായ ജസ്റ്റിസ് ഗീത മിത്തൽ, ശാലിനി പി. ജോഷി, ആശ മേനോൻ എന്നിവരടങ്ങുന്നതാണ് സമിതി. തകർക്കപ്പെടുകയോ കേടുപാട് സംഭവിക്കുകയോ ചെയ്ത ആരാധനാലയങ്ങളുടെ പുനരുദ്ധാരണത്തിനുള്ള നിർദേശങ്ങൾ സമിതി സുപ്രീംകോടതിക്ക് കൈമാറണം. അനധികൃത സ്ഥലം കൈയേറ്റം ഉൾപ്പെടെ വിഷയങ്ങളിൽ ഇടപെടാൻ സമിതിക്ക് അധികാരമുണ്ടാകും.
സമിതിയുടെ ഇടക്കാല നിർദേശങ്ങൾ എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കാൻ സംസ്ഥാന സർക്കാറും ഡി.ജി.പിയും ഇടപെടണം. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർക്ക് ക്രിസ്മസ് ആഘോഷത്തിന് സൗകര്യമൊരുക്കുമെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.