അമിത് ഷായുടെ ഹിന്ദി പരാമർശം: തമിഴ്നാട്ടിൽ പ്രതിഷേധം ശക്തം
text_fieldsചെന്നൈ: ഇംഗ്ലീഷിനു പകരം ഹിന്ദിയിൽ സംസാരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. മന്ത്രിയുടെ ആഹ്വാനം രാജ്യത്തിന്റെ ഐക്യത്തിനെതിരായ കടന്നാക്രമണമാണെന്ന് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു. എല്ലാവർക്കും ഒരേ ഭാഷ രാജ്യത്തിന്‍റെ ഐക്യത്തിന് വിഘാതമാവും. നിങ്ങൾ തെറ്റുകൾ ആവർത്തിക്കുകയാണ്. എന്നാൽ അതിൽ വിജയിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
ഭാഷ അടിച്ചേൽപിക്കുന്നത് വിഘടനവാദം ശക്തിപ്പെടാൻ കാരണമാകുമെന്ന് ഡി.എം.കെ വനിത നേതാവും എം.പിയുമായ കനിമൊഴി പറഞ്ഞു. ദേശീയ അഖണ്ഡതയെ ഹനിക്കുന്നതാണ് അമിത് ഷായുടെ പരാമർശമെന്ന് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെ.എസ്. അഴഗിരി പറഞ്ഞു. ഹിന്ദി അടിച്ചേൽപിക്കുന്നതിനെ തമിഴ് ജനത ശക്തമായി എതിർക്കുമെന്ന് വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ് ടി. തിരുമാവളവൻ പറഞ്ഞു. ദ്രാവിഡർ കഴകം നേതാവ് കെ. വീരമണി, നാം തമിഴർകക്ഷി നേതാവ് സീമാൻ, തമിഴ് കവി വൈരമുത്തു തുടങ്ങിയവരും അമിത്ഷായുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.