അനിതയുടെ ആത്മഹത്യ; തമിഴകം പ്രതിഷേധച്ചൂടിൽ
text_fieldsചെന്നൈ: എം.ബി.ബി.എസ് പ്രവേശനം ലഭിക്കാത്തതിൽ മനംനൊന്ത് തമിഴ്നാട്ടിൽ ദലിത് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം പടരുന്നു. വിദ്യാർഥി-യുവജന സംഘടനകളും രാഷ്ട്രീയകക്ഷികളും തെരുവിലിറങ്ങിയതിനെത്തുടർന്ന് സംസ്ഥാനത്തുടനീളം പൊലീസ് സുരക്ഷ ശക്തമാക്കി. അരിയല്ലൂർ ജില്ലയിലെ കുഴുമൂർ ഗ്രാമത്തിൽ ചുമട്ടുതൊഴിലാളിയായ ഷൺമുഖെൻറ മകൾ എസ്. അനിതയാണ് (17) വെള്ളിയാഴ്ച തൂങ്ങിമരിച്ചത്. പ്ലസ് ടുവിന് 98 ശതമാനം മാർക്കോടെ എം.ബി.ബി.എസ് പ്രവേശനം ഉറപ്പാക്കിയിരുന്ന അനിതക്ക് നീറ്റ് പരീക്ഷയിൽ 700ൽ 86 മാർക്കുമാത്രമാണ് ലഭിച്ചത്. ഇതോടെയാണ് പ്രവേശനം അസാധ്യമായത്. പ്ലസ് ടു പരീക്ഷയിൽ അനിതക്ക് 1200ൽ 1176 മാർക്കുണ്ടായിരുന്നു.
മെഡിക്കൽ പ്രവേശനത്തിന് തമിഴ്നാട്ടിൽ നീറ്റ് നിർബന്ധമാക്കുന്നതിനെതിരെ അനിത അടക്കമുള്ള വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞവർഷം നീറ്റിൽ നിന്ന് സംസ്ഥാനത്തിന് നൽകിയ ഇളവ് ഇൗ വർഷവും തുടരാൻ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു. നീറ്റ് നിർബന്ധമാക്കി ആഗസ്റ്റ് 22ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ നിയമപോരാട്ടം നടത്തിയ അനിത കടുത്ത നിരാശയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പാവപ്പെട്ട വിദ്യാർഥികളുടെ പ്രാതിനിധ്യം ഏറ്റെടുത്ത് അനിത രാഷ്ട്രീയനേതാക്കളെ കണ്ടെങ്കിലും െസപ്റ്റംബർ നാലിനകം നീറ്റ് െമറിറ്റ് ലിസ്റ്റിെൻറ അടിസ്ഥാനത്തിൽ പ്രവേശനം പൂർത്തിയാക്കണമെന്ന കോടതി നിർദേശത്തോടെ പ്രതീക്ഷകളെല്ലാം പൊലിഞ്ഞു.
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ എയ്റോനോട്ടിക് എഞ്ചിനിയറിങ്ങിലും ഒരത്തനാട് വെറ്ററിനറി കോളജിലും സീറ്റ് ലഭിച്ചെങ്കിലും സ്വന്തം ഗ്രാമത്തിൽനിന്ന് ദലിത് വിഭാഗത്തിലെ ആദ്യ ഡോക്ടറാകാമെന്ന സ്വപ്നം പൊലിഞ്ഞതാണ് അനിതയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. അനിതയുടെ കുടുംബത്തിന് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ, കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു.
പ്ലസ് ടു മാർക്കിെൻറ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനം നടന്നിരുന്നത്. നീറ്റ് നിർബന്ധമാക്കിയതിനെതിരെ തുടക്കം മുതലേ സംസ്ഥാനം എതിർത്തുവരികയാണ്. സംസ്ഥാന സിലബസിൽ പഠിച്ച പാവപ്പെട്ട വിദ്യാർഥികളെ നീറ്റ് ദോഷകരമായി ബാധിക്കുമെന്നാണ് സംസ്ഥാനത്തിെൻറ വാദം. സംസ്ഥാന ബോർഡിൽ പഠിച്ചവർക്ക് 85 ശതമാനം സംവരണം ഏർപ്പെടുത്തിയതും സുപ്രീംകോടതി റദ്ദാക്കി. കേസിൽ അനിതക്ക് സംസ്ഥാന സർക്കാർ പിന്തുണ നൽകിയിരുന്നുവെങ്കിൽ ദലിത് വിഭാഗത്തിലെ ആദ്യ ഡോക്ടറെ നഷ്ടപ്പെടുമായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
വീട്ടിലെത്തിച്ച അനിതയുടെ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. അരിയല്ലൂരിൽ ഹർത്താൽ ആചരിച്ചു. അണ്ണാശാലൈയിൽ പ്രകടനം നടത്തിയ എസ്.എഫ്.െഎ, ഡി.വൈ.എഫ്.െഎ, സി.പി.എം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. വിടുതലൈ സിരുതൈ, നാം തമിഴർ കക്ഷി തുടങ്ങിയ ദ്രാവിഡ യുവജന സംഘടനകളിലെ 1500ഒാളം പ്രവർത്തകർ ചെന്നൈ സെൻട്രലിൽ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.