യുവമോർച്ച യോഗത്തിൽ ബി.ജെ.പി എം.പി തേജസ്വി സൂര്യയ്‌ക്കെതിരെ പ്രതിഷേധം
text_fieldsഹൈദരാബാദ്: ഭാരതീയ ജനത യുവമോർച്ച (ബി.ജെ.വൈ.എം) ദേശീയ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ തേജസ്വി സൂര്യയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രവർത്തകർ. സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവർക്കായി ബി.ജെ.വൈ.എം സംഘടിപ്പിച്ച ശിൽപശാലയിൽ മുഖ്യാതിഥിയായി പങ്കെടുക്കുയായിരുന്നു ബംഗളൂരു സൗത്ത് എം.പി.കൂടിയായ അദ്ദേഹം.
ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ തരുൺ ചുഗ്, കെ. ലക്ഷ്മൺ, തുടങ്ങിയവരും പരിപാടിയിൽ ഉണ്ടായിരുന്നു. ഒരു കൂട്ടം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ യോഗം അലങ്കോലമായി. മുൻ നിയമസഭാംഗം രാമചന്ദ്ര റാവു രോഷാകുലരായ പ്രവർത്തകരെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ബി.ജെ.വൈ.എം സംസ്ഥാന പ്രസിഡൻറ് ഭാനു പ്രകാശിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം. ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ തെലങ്കാനയിലെ ഒരു പ്രത്യേക വിഭാഗത്തെ മാത്രമാണ് പരിഗണിക്കുന്നതെന്ന് ഭാനു പ്രകാശ് വിഭാഗം ആരോപിക്കുന്നു. ബി.ജെ.വൈ.എമ്മിന്റെ ദേശീയ ട്രഷറർ സായി പ്രസാദ് തേജസ്വി സൂര്യയുമായി ചേർന്ന് ഭാനു പ്രകാശ് വിഭാഗത്തെ തഴയുകയാണെന്ന് ഗ്രൂപ്പ് വൃത്തങ്ങൾ പറഞ്ഞു.
ഭാനു പ്രകാശും സായ് പ്രസാദും മൽകാജ്ഗിരി മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിനായി ശ്രമം നടത്തുകയാണ്. തേജസ്വി സൂര്യയുമായി സ്വരചേർച്ച ഇല്ലാത്തതിനാൽ ഭാനു പ്രകാശ് യോഗത്തിന് എത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.