നദീം ഖാനെതിരായ ഡൽഹി പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം
text_fieldsന്യൂഡൽഹി: പൗരാവകാശ പ്രവർത്തകൻ നദീം ഖാനെതിരായ ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നിരവധി സംഘടനകളും ആക്ടിവിസ്റ്റുകളും രംഗത്ത്. വിഷയത്തിൽ പൊലീസിനെതിരെ ശക്തമായ നടപടി വേണമെന്നും കേസ് പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ജനാധിപത്യത്തിനും വിയോജിക്കാനുള്ള അവകാശത്തിനുമെതിരായ നീക്കമാണിതെന്ന് അവർ തുടർന്നു.
‘അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്’ (എ.പി.സി.ആർ) ദേശീയ സെക്രട്ടറിയായ നദീം ഖാനെ നവംബർ 30ന് നാടകീയമായാണ് ഡൽഹി പൊലീസ് ബംഗളൂരുവിലെ സ്വകാര്യവസതിയിൽനിന്ന് പിടികൂടിയത്.
ഇതിനായി ഡൽഹി പൊലീസിൽനിന്ന് നാല് ഉദ്യോഗസ്ഥരെത്തി നിയമവിരുദ്ധ റെയ്ഡ് നടത്തുകയായിരുന്നു. ശഹീൻബാഗ് സ്റ്റേഷൻ എസ്.എച്ച്.ഒയും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് വാറന്റോ നോട്ടീസോ ഇല്ലാതെ പൊലീസുകാർ ഖാനെ കൊണ്ടുപോകാൻ ശ്രമിച്ചു. അതേദിവസം എടുത്ത കേസിൽ ചോദ്യം ചെയ്യലിന് ഡൽഹിയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം.
പരമാവധി മൂന്ന് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമുള്ള വകുപ്പുകളാണ് കേസിലുള്ളതെങ്കിലും ഖാനെയും കുടുംബത്തെയും പൊലീസ് മണിക്കൂറുകൾ ബുദ്ധിമുട്ടിച്ചു. ഭാരത് ജോഡോ അഭിയാൻ, പി.യു.സി.എൽ, എസ്.ഐ.ഒ, എ.ഐ.എസ്.എ, ബഹുത്വ കർണാടക തുടങ്ങിയ സംഘടനകളും അഡ്വ. പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ്, പ്രഫ. അപൂർവാനന്ദ് ഝാ തുടങ്ങിയവരുമാണ് നദീം ഖാന് പിന്തുണയുമായെത്തിയത്.
ഖാനെതിരായ കേസ് അടിയന്തരമായി പിൻവലിക്കുക, അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടുന്നത് അവസാനിപ്പിക്കുക, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ചു കടക്കൽ, മാനസിക പീഡനം തുടങ്ങിയ കുറ്റങ്ങളിൽ ശഹീൻബാഗ് സ്റ്റേഷൻ ഓഫിസർക്കെതിരെ കേസെടുക്കുക, ഖാന്റെ കുടുംബത്തിന്റെ പരാതി പ്രകാരം കർണാടക, ഡൽഹി പൊലീസിനെതിരെ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇവർ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.