'നാണമില്ലാത്ത മാധ്യമങ്ങളേ...രാജ്യം നേരിടുന്ന പ്രശ്നങ്ങൾ നിങ്ങളറിയുന്നുണ്ടോ?'...
text_fieldsന്യൂഡൽഹി: രാജ്യം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുേമ്പാൾ അവയെക്കുറിച്ച് മൗനം പാലിക്കുന്ന ദേശീയ മാധ്യമങ്ങളുടെ നടപടിയിൽ രോഷംകൊണ്ട് സാമുഹിക മാധ്യമങ്ങൾ. കർഷക താൽപര്യം ഹനിക്കുന്ന ബില്ലുകളും പടർന്നുകയറുന്ന തൊഴിലില്ലായ്മയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമടക്കമുള്ള വിഷയങ്ങളെക്കുറിച്ച് വാ തുറക്കാൻ തയാറാവാത്ത മാധ്യമങ്ങളുടെ നിലപാടിൽ പ്രതിഷേധിച്ചും പരിഹസിച്ചും സോഷ്യൽ മീഡിയ. ഇന്ത്യൻ മാധ്യമങ്ങൾക്ക് ആദരാഞ്ജലികൾ ('RIP_IndianMedia') എന്ന ഹാഷ്ടാഗിൽ തുടങ്ങിയ പ്രതിഷേധം ട്വിറ്ററിൽ നിമിഷങ്ങൾക്കകം ട്രെൻഡിങ്ങായി മാറി.
കുത്തകകളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി കർഷകർക്കെതിരെ മൂന്ന് ബില്ലുകൾ അവതരിപ്പിച്ച സർക്കാർ നിലപാടിനെതിരെ പ്രമുഖ ദേശീയ മാധ്യമങ്ങളൊന്നും രംഗത്തുവന്നിട്ടില്ല. കർഷക ബില്ലുകളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടത്തിയ ഭാരത് ബന്ദിനെയും ഈ മാധ്യമങ്ങളൊക്കെ അവഗണിക്കുകയായിരുന്നു. ജീവിതം ത്രിശങ്കുവിലായ കർഷകരുടെ ആശങ്ക വാർത്തയാക്കുന്നതിനു പകരം, മയക്കുമരുന്ന് കേസിൽ നാർകോട്ടിക്സ് ബ്യൂറോ ചോദ്യം ചെയ്യുന്ന ബോളിവുഡ് നടിമാർക്കുപിന്നാെല പായുന്ന ദേശീയ മാധ്യമങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയായിരുന്നു ട്വിറ്റർ കാമ്പയിൻ.
'നമ്മുടെ ജനാധിപത്യത്തിെൻറ നാലാംതൂൺ, പ്രമുഖ ജേണലിസ്റ്റുകളെന്ന് പറയപ്പെടുന്ന അർണബ് ഗോസ്വാമി, സുധീർ ചൗധരി തുടങ്ങിയവർ പൂർണമായും തകർത്തിരിക്കുന്നു. യഥാർഥത്തിൽ അവർ ജേണലിസ്റ്റുകളല്ല, വ്യാജമാധ്യമപ്രവർത്തകരാണ്' -ട്വീറ്റിൽ ഒരാൾ കുറിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളേക്കാൾ ടി.ആർ.പി റേറ്റിങ്ങാണ് മീഡിയക്ക് പ്രധാനമെന്നും വിമർശനമുയർന്നു. മാധ്യമങ്ങൾ മുഴുവൻ ബി.ജെ.പിയെ സേവിക്കുകയാണെന്നും സർക്കാറിനെ ചോദ്യം ചെയ്യാത്ത മീഡിയ, ദല്ലാൾ മീഡിയയായി മാറിയിരിക്കുന്നുവെന്നും മറ്റു ചിലർ ട്വീറ്റ് ചെയ്തു.
'നാണമില്ലാത്ത മാധ്യമങ്ങൾ..ജനത്തിന് വേണ്ടത് കൃഷി ബിൽ, തൊഴിലില്ലായ്മ, സാമ്പത്തിക സ്ഥിതി തുടങ്ങിയവയെക്കുറിച്ച് അറിയുകയാണ്. എന്നാൽ, ഈ മാധ്യമങ്ങൾ കങ്കണ, സുശാന്ത്, ദീപിക എന്നിവരെ മാത്രമേ കാണിക്കുന്നുള്ളൂ. ഈ നാണംകെട്ട മാധ്യമങ്ങൾ കാരണം ഇന്ത്യൻ ജനാധിപത്യം തകർന്നുകൊണ്ടിരിക്കുന്നു.'-മറ്റൊരു ട്വീറ്റിൽ കുറിച്ചതിങ്ങനെ. പ്രതിഷേധവും പരിഹാസവും നിറച്ച പല ചിത്രങ്ങളും മാധ്യമങ്ങളുടെ ഏകപക്ഷീയ നിലപാടിനെതിരെ സാമുഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്.
'ഭിന്നിപ്പിച്ചു ഭരിക്കുകയാണ് ഈ സർക്കാറിെൻറയും മാധ്യമങ്ങളുടെയും നയം. അതിലവർ ഏറെ വിജയിച്ചുകൊണ്ടിരിക്കുകയുമാണ്. നമ്മുടെ സുരക്ഷിതഭാവിക്കായി ഇന്ത്യൻ വാർത്താചാനലുകളെ ദയവായി ബഹിഷ്കരിക്കൂ'..'boycottindianmedia' എന്ന ഹാഷ്ടാഗിനൊപ്പം ഒരാൾ കുറിച്ചു. ബി.ജെ.പി സർക്കാറിനെ അന്ധമായി പിന്തുണക്കുന്ന വാർത്ത അവതാരകരുടെ ചിത്രങ്ങൾ ഒന്നിച്ചുചേർത്ത് ഒരാൾ ട്രോളിയത് ഇങ്ങനെ...'പാർട് ടൈം വാർത്ത അവതാരകരായി ജോലി ചെയ്യുന്ന ഈ ബി.ജെ.പി നേതാക്കളെ കാണൂ'...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.